chekpost

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളിൽ 3363 പേർ ഇന്നലെ തിരിച്ചെത്തി. നോർക്ക വഴി രജിസ്റ്റർ ചെയ്ത് പാസ് നേടിയ 25,410 പേരിൽ ഉൾപ്പെട്ടവരാണിവർ. വാളയാർ ചെക്ക്പോസ്റ്റിലൂടെയാണ് ഏറ്റവും കൂടുതൽ പേർ എത്തിയത് - 943 വാഹനങ്ങളിലായി 1980 പേർ. ഇതിൽ മൂന്ന് വിദ്യാർത്ഥികളെ നേരിയ രോഗലക്ഷണങ്ങൾ കണ്ടതിനാൽ ക്വാറന്റൈനിലാക്കി.

കേരള - തമിഴ്‌നാട് അതിർത്തിയായ ഇഞ്ചിവിളയിൽ 191പേരും മഞ്ചേശ്വരം ചെക്ക് പോസ്റ്റ് വഴി 578പേരും തലപ്പാടി വഴി 841പേരും മുത്തങ്ങ വഴി 135 വാഹനങ്ങളിലായി 329പേരും എത്തി. കുമിളി, ആര്യങ്കാവ് ചെക്ക്പോസ്റ്റുകളിലൂടെയും നിരവധിപേർ എത്തി. ഇരുസംസ്ഥാനങ്ങളിലെയും ജില്ലാ കളക്ടർമാർ നൽകുന്ന പാസ് ഉള്ളവർക്ക് മാത്രമാണ് യാത്രാനുമതി.

ആകെ 1,80,540 പേരാണ് തിരിച്ചു വരാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇന്നലെ വന്നവരിൽ ഏറെയും സ്വന്തം വാഹനങ്ങൾ ഉള്ളവരാണ്. ഓരോ ചെക്ക് പോസ്റ്റിലും പ്രത്യേക കൗണ്ടറിൽ താപനില പരിശോധിക്കാനും രോഗലക്ഷണമുള്ളവരെ ആശുപത്രിയിലാക്കാനും സൗകര്യം ഒരുക്കിയിരുന്നു. നൂറിലധികം ജീവനക്കാരാണ് പരിശോധനയ്ക്കുള്ളത്.



 പാസില്ലാതെ ഈഞ്ചിവിളയിൽ 40 പേർ കുടുങ്ങി

ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്ന് അവി‌ടത്തെ കളക്‌ടറുടെ അനുമതിപത്രം ഇല്ലാതെ വന്ന 40 പേർ ഇഞ്ചിവിള ചെക്‌പോസ്റ്റിൽ കുടുങ്ങി. രാവിലെ 6 മണിമുതൽ 10 കാറുകളിലായി എത്തിയതായിരുന്നു ഇവർ. കേരളം അനുവദിച്ച പാസ് മാത്രമാണ് ഉണ്ടായിരുത്. തമിഴ്‌നാടിന്റെ ഡിജിറ്റൽ പാസിനായി ശ്രമിച്ചെങ്കിലും സെർവർ തകരാറിലായതിനാൽ ലഭിച്ചില്ല.തുടർന്ന് സി.കെ.ഹരീന്ദൻ എം.എൽ.എ, തമിഴ്നാട് കുളച്ചലിലെ എം.എൽ.എ പ്രിൻസ്, കിള്ളിയൂർ എം.എൽ.എ സുരേഷ് രാജ് എന്നിവർ സ്ഥലത്തെത്തി കന്യാകുമാരി ജില്ലാ കളക്ടറുമായി സംസാരിച്ചാണ് ഉച്ചയ്‌ക്ക് ഒന്നരയോടെ ഇവരെ കടത്തിവിട്ടത് .

കുറേപേർ കർണാടക അതിർത്തിയിലും കുടുങ്ങി


ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് തിരിച്ചുപോന്നവർ കർണാടക ഷിരൂർ ചെക്‌പോസ്റ്റിൽ കുടുങ്ങി.ഗുജറാത്ത്‌, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് കർണാടകത്തിലേക്ക് കടക്കാൻ ജില്ല കളക്ടർമാരുടെ അനുമതി ഇല്ലാത്തതാണ് തടയാൻ കാരണം.40 ഓളം വരുന്ന മലയാളികളാണ് അതിർത്തിയിലുള്ളത്.