cm-
PINARAYI VIJAYAN

തിരുവനന്തപുരം:അവശ്യസേവനങ്ങൾക്കും അനുവദിക്കപ്പെട്ട ജോലികൾക്കും മറ്റ് ജില്ലകളിലേക്ക് പോകാൻ ഇനി യാത്രാ പാസ് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇവർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് മതി. രാത്രി 7 മുതൽ രാവിലെ 7 വരെയുള്ള യാത്രാനിരോധനവും ഇവർക്ക് ബാധകമല്ല.

അവശ്യ സർവീസുകൾക്കും സർക്കാർ, സ്വകാര്യ മേഖലകളിലെ ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, സർക്കാ‌ർ ജീവനക്കാർ, ഐ.എസ്.ആർ.ഒ ജീവനക്കാർ, ഐ.ടി, ഡേറ്റാ സെന്റർ ജീവനക്കാർ തുടങ്ങിയവർക്കുമാണ് ഈ ഇളവ്.

മറ്റ് വിഭാഗക്കാർക്ക് ഈ ആനുകൂല്യം ഇല്ല. അവർ അത്യാവശ്യമായ മെഡിക്കൽ കാര്യങ്ങൾക്കല്ലാതെ രാത്രി 7നും രാവിലെ 7നുമിടയ്ക്ക് പുറത്തിറങ്ങരുത്. അത്യാവശ്യ യാത്രയ്‌ക്ക് പൊലീസ് പാസ് വേണം. കണ്ടെയ്ൻമെന്റ് സോണുകളിലേക്ക് പൊലീസ് പാസ് അനുവദിക്കില്ല. എല്ലാ ദിവസവും ജില്ല വിട്ട് പോയിവരാനും പാസ് ലഭിക്കില്ല.

ജില്ലയ്‌ക്കകത്തെ യാത്രകൾക്ക് തടസമില്ല. താമസിക്കുന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ അപേക്ഷിച്ചാൽ പാസ് കിട്ടും.

മറ്റ് ക്രമീകരണങ്ങൾ

@ ഒറ്റ, ഇരട്ട അക്ക നമ്പർ നിയന്ത്രണം ഒഴിവാക്കി എല്ലാ നമ്പരിലുമുള്ള വാഹനങ്ങൾക്കും ഓടാൻ അനുമതി നൽകി.

@ സ്വകാര്യ ഓഫീസുകൾ നിശ്ചിത എണ്ണം ആളുകളെ വച്ച് തുറക്കാൻ അനുമതിയുണ്ടാകും. കണ്ടെയ്ൻമെന്റ് സോണിൽ ഇതുണ്ടാവില്ല.

@കണ്ടെയ്ൻമെന്റ് സോണിൽ നിർമ്മാണപ്രവർത്തനങ്ങൾ പാടില്ല.

@ മറ്റ് സ്ഥലങ്ങളിൽ അനുമതിയുണ്ടെങ്കിലും പല സാധനങ്ങൾക്കും അമിതവില

ഈടാക്കുന്നതായി പരാതിയുണ്ട്. അടച്ചിട്ട സമയത്ത് കിട്ടേണ്ടിയിരുന്നത് കൂടി ഈടാക്കി ലാഭമുണ്ടാക്കാൻ ആരും നോക്കരുത്.

@അമിതവില ഈടാക്കുന്നത് തടയും.

@മുടങ്ങിക്കിടക്കുന്ന നിർമ്മാണപ്രവൃത്തികൾക്ക് ബന്ധപ്പെട്ടവർ അനുവാദം നൽകണം.

@വീട് നിർമ്മാണമടക്കം സ്വകാര്യ നിർമ്മാണങ്ങൾക്ക് തടസമില്ല. എന്നാൽ 25 ശതമാനത്തിൽ താഴെ മാത്രമേ അത്തരം നിർമ്മാണങ്ങൾ ആരംഭിച്ചിട്ടുള്ളൂ.

@വടക്കൻ മേഖലയിൽ ചെങ്കല്ല് വെട്ടുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കും.

@ഐ.എസ്.ആർ. ഒ ജീവനക്കാർക്ക് സ്ഥാപനത്തിന്റെ ബസിൽ സുരക്ഷാമാനദണ്ഡം പാലിച്ച് യാത്ര ചെയ്യാം.