തിരുവനന്തപുരം: സാമൂഹിക അകലം പാലിക്കുന്നതിനായി അവശേഷിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ വ്യത്യസ്ത ദിവസങ്ങളിലോ ഒരേ ദിവസം രാവിലെയും ഉച്ചയ്ക്കുമായോ നടത്തും. പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ച കാര്യങ്ങൾ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കും. എല്ലാ വിഭാഗങ്ങളിലുമായി 12 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഒരേസമയം സ്കൂളുകളിലെത്തുന്നത് ഒഴിവാക്കാനായി പരീക്ഷകൾ ഇടവിട്ട ദിവസങ്ങളിൽ നടത്തുന്നതാണ് പരിഗണനയിലുള്ളത്. എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്ന ദിവസം മറ്റു പരീക്ഷകളുണ്ടാകില്ല. പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾ പിറ്റേന്ന് നടത്തും. ഒരേ ദിവസം നടത്തുകയാണെങ്കിൽ എസ്.എസ്.എൽ.സി രാവിലെയും പ്ലസ്ടു ഉച്ചയ്ക്കുമായി നടത്തും. പ്ലസ് വൺ പരീക്ഷ പിന്നീട് നടത്തും. എസ്.എസ്.എൽ.സിക്ക് മൂന്നും, പ്ലസ് ടുവിന് നാലും വി.എച്ച്.എസ്.ഇക്ക് അഞ്ചും പരീക്ഷകളാണ് ശേഷിക്കുന്നത്.
പരീക്ഷ കഴിഞ്ഞാൽ രണ്ടോ മൂന്നോ ദിവസത്തിനകം മൂല്യനിർണയ ക്യാമ്പുകൾ തുടങ്ങും. അദ്ധ്യാപകർക്ക് മാതൃ ജില്ലകളിൽ വീടിന് തൊട്ടടുത്ത കേന്ദ്രത്തിൽ മൂല്യനിർണയ ജോലിയിൽ ഏർപ്പെടാൻ സൗകര്യമൊരുക്കും. ഉത്തരപേപ്പറുകൾ അദ്ധ്യാപകരുടെ വീട്ടിൽ മൂല്യനിർണയം നടത്തുകയെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. നഷ്ടമായ ദിവസങ്ങൾ കണക്കിലെടുത്ത് പരമാവധി വേഗത്തിൽ ഫലപ്രഖ്യാപനം നടത്താനും അടുത്ത അദ്ധ്യയനവർഷത്തെ പ്രവേശന നടപടികൾ പൂർത്തീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്.