പോത്തൻകോട്: കൊവിഡ് അതിജീവന പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് നടപ്പാക്കിയ 12 പദ്ധതികൾ മാതൃകയാകുന്നു. നിർദ്ധനർക്കും തെരുവിൽ അലയുന്നവർക്കുമായി ഇതുവരെ 25,​000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്‌തു. അഞ്ചു ജില്ലകളിൽ മിൽമയുമായി ചേർന്ന് 4000 പൊലീസുകാർക്കായി 50,​000 പായ്ക്കറ്റ് സംഭാരവും നൽകുന്നുണ്ട്. ഇതോടൊപ്പം പദ്മനാഭസ്വാമി ക്ഷേത്രത്തിൽ 400 മാസ്‌കുകളും നൽകി. കണ്ണൂർ ജില്ലയിലെ സായി ട്രസ്റ്റിന്റെ കെട്ടിടത്തിൽ നടന്നുവരുന്ന സായി ക്ലിനിക്കും കാസർകോട് ജില്ലയിൽ എൻഡോസൾഫാൻ ബാധിതർക്ക് വേണ്ടി നിർമ്മിച്ച 36 വീടുകളും ഐസൊലേഷനുവേണ്ടി സർക്കാരിനെ ഏൽപ്പിച്ചു. സ്‌കൂൾ, കോളേജ് കെട്ടിടങ്ങൾ ഐസൊലേഷൻ ഹോസ്റ്റലിനായി സജ്ജമാക്കി. ഹരിപ്പാട് നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമുള്ള സാധനങ്ങളും ട്രസ്റ്റ് നൽകി. ഇതോടൊപ്പം വിവിധ സ്ഥലങ്ങളിലേക്ക് ആവശ്യമായ 15,​000 മാസ്‌കുകൾ അധികമായി നിർമ്മിച്ചു. സായി കാരുണ്യം പദ്ധതി കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകർക്കായി സായിഹസ്‌ത പദ്ധതിപ്രകാരം സജ്ജമാക്കിയ സൗജന്യ ബസ് സർവീസിന്റെ ഉദ്ഘാടനം ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർ ശ്രീകാന്ത് പി. കൃഷ്‌ണൻ പങ്കെടുത്തു. ആരോഗ്യ പ്രവർത്തകർക്കായി ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് അഞ്ചുബസുകളാണ് സർവീസ് നടത്തുന്നതെന്ന് ട്രസ്റ്റ് സ്ഥാപക എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ അറിയിച്ചു.