pinaryi-
pinaryi

തിരുവനന്തപുരം: പഞ്ചാബ്, ഹരിയാന, ഡൽഹി തുടങ്ങി വിദൂരസംസ്ഥാനങ്ങളിലുള്ള മലയാളി വിദ്യാർത്ഥികളെ ഡൽഹി വഴി ട്രെയിൻ മാർഗ്ഗം നാട്ടിലെത്തിക്കാൻ ശ്രമമാരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിലുള്ള കേരളീയരെ നാട്ടിലെത്തിക്കുന്നതിന് ട്രെയിൻ അനുവദിച്ച് കിട്ടാൻ ശ്രമം തുടരുന്നു.

അന്യസംസ്ഥാനങ്ങളിൽ നിന്ന് നോർക്ക വഴി രജിസ്റ്റർ ചെയ്ത 1,80,540പേരിൽ 25410 പേർക്ക് പാസ് നൽകി. 3363 പേർ തിരിച്ചെത്തി. അവിടത്തെ പാസ് വാങ്ങി ഇവിടെ എത്തേണ്ടിടത്തെ പാസില്ലാതെ വരുന്നവരുണ്ട്. രണ്ടിടത്തെ പാസും പ്രധാനമാണ്. പാസുള്ളവർക്ക് നേരത്തേ സമയം നിശ്ചയിച്ച് കൊടുക്കും. അതിർത്തിയിലെത്തിയാൽ പെട്ടെന്ന് പരിശോധനകൾ പൂർത്തിയാക്കി യാത്ര തുടരാനാവണം.

അതിർത്തികളിൽ നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥരേ പാടുള്ളൂ. അതിർത്തിയിലെത്തുന്നവർക്ക് ഒരിടത്തും സ്വീകരണം അനുവദിക്കില്ല.അന്തർസംസ്ഥാന യാത്രക്ക് പണം ചെലവിട്ടാലും വാഹനം ലഭിക്കുന്നില്ലെന്ന

പരാതി പരിഹരിക്കും.

സംസ്ഥാനം വിട്ടുള്ള യാത്രയ്ക്ക് പുറപ്പെടുന്ന സംസ്ഥാനത്തിന്റെയും എത്തിച്ചേരുന്ന സംസ്ഥാനത്തിന്റെയും പാസ് പ്രധാനമാണെങ്കിലും ഇടയിൽ വരുന്ന സംസ്ഥാനങ്ങളുടെ പാസ് വാങ്ങൽ അപ്രായോഗികമാണെന്ന് കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. സഞ്ചരിക്കേണ്ട റൂട്ട് കാണിക്കാം. രണ്ട് പാസും കാട്ടിയാൽ ഇടയ്ക്കുള്ള സംസ്ഥാനങ്ങൾ യാത്ര തുടരാനനുവദിക്കണം.

അന്യസംസ്ഥാന തൊഴിലാളികളെ

തെറ്റിദ്ധരിപ്പിക്കാൻ ശ്രമം

സ്വന്തം നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ എത്തിത്തിക്കാൻ നടപടി തുടരുന്നതിനിടെ, ചില തെറ്റിദ്ധാരണകൾ പരത്തി അവരെ തെരുവിലിറക്കാൻ ശ്രമമുള്ളതായി മുഖ്യമന്ത്രി പറഞ്ഞു. എത്തേണ്ട സംസ്ഥാനം കൂടി തീരുമാനിക്കുന്ന മുറയ്ക്കേ അവരെ അയക്കാനാവൂ. ഇന്നലെ മൂന്ന് ട്രെയിനുകൾ തിരിച്ചു. 14,896 അന്യസംസ്ഥാന തൊഴിലാളികൾ ഇതിനകം പോയി. നാട്ടിൽ പോവാനാവാതെ അഴീക്കൽ തുറമുഖത്ത് കഴിയുന്ന 60 അന്തർസംസ്ഥാന മത്സ്യത്തൊഴിലാളികളെ അവരുടെ സംസ്ഥാനം അനുവദിച്ചാൽ പോകാനനുവദിക്കും.