pic

ന്യൂഡൽഹി: പെടോളിനും ഡീസലിനും എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് കൂട്ടിയത്. എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചതിലൂടെ 1.6 ലക്ഷം കോടിയുടെ അധിക വരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ചില്ലറ വില്‍പന വിലയില്‍ മാറ്റം വരില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.പുതുക്കിയ തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അഡീഷണല്‍ എക്‌സൈസ് തീരുവ രണ്ട് രൂപയും റോഡ് നികുതി എട്ട് രൂപയുമാണ് പെട്രോളിന് വര്‍ദ്ധിപ്പിച്ചത്. കൊവിഡ് പ്രതിസന്ധിയെതുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തീരുവ വര്‍ദ്ധിപ്പിച്ചതെന്നാണ് കേന്ദ്രവാദം.

ഡീസലിന് അഞ്ച് രൂപയാണ് അഡീഷണല്‍ തീരുവ വര്‍ദ്ധിപ്പിച്ചത്. ഇതോടെ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന നികുതി. നരേന്ദ്ര മോദി 2014ല്‍ അധികാരത്തിലേറുമ്പോള്‍ പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ യഥാക്രമം 9.48 രൂപയും 3.56 രൂപയുമായിരുന്നു.മാര്‍ച്ചിന് ശേഷം രണ്ടാം തവണയാണ് ഇന്ധനത്തിന് എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിക്കുന്നത്.