തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വൻ സാമ്പത്തിക പ്രതിസന്ധി. അടുത്തമാസത്തെ ശമ്പളം ഭാഗികമായേ നല്‍കാനാകൂവെന്ന് ബോര്‍ഡ് അദ്ധ്യക്ഷൻ എന്‍. വാസു പറഞ്ഞു. ഒട്ടുമിക്ക ക്ഷേത്രത്തിലെ ദൈനംദിന പൂജകളും പ്രതിസന്ധിയിലാണ്.
മാർച്ച് പകുതി കഴിഞ്ഞാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1248 ക്ഷേത്രങ്ങള്‍ അടച്ചത്. ഇതുവരെയുള്ള നഷ്ടം ഏകദേശം ഇരുന്നൂറ് കോടിയോളം രൂപയാണ്. വരുമാനമാര്‍ഗമായ കാണിക്കയും വഴിപാടുകളും നിലച്ചു.
ശബരിമലയില്‍ രണ്ടുമാസപൂജകളും ഉത്സവവും വിഷുദര്‍ശനവും മുടങ്ങി. വിഷുക്കാലത്തെ മാത്രം നഷ്ടം നാല്‍പതുകോടിരൂപയാണ്. തിരുവിതാംകൂർ ദേവസ്വം ബോര്‍ഡില്‍ അയ്യായിരം ജീവനക്കാരും നാലായിരത്തിലേറെ പെന്‍ഷന്‍കാരുമുണ്ട്. ശമ്പളത്തിനും പെന്‍ഷനും പ്രതിമാസം വേണ്ടത് നാല്‍പതുകോടിരൂപയാണ്.
കഴിഞ്ഞ ബഡ്ജറ്റില്‍ സര്‍ക്കാര്‍ ദേസ്വംബോര്‍ഡിന് നൂറുകോടിരൂപ അനുവദിച്ചിരുന്നു. ഇതില്‍ മുപ്പതുകോടിരൂപ നല്‍കി. ബാക്കിത്തുകനല്‍കണമെന്ന് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. അതുലഭിച്ചാലും പ്രതിസന്ധിതീരില്ലെന്നാണ് ദേവസ്വം ബോർഡ് അധികൃതർ പറയുന്നത്. ക്ഷേത്രങ്ങളിൽ പൂജാ കർമ്മങ്ങൾ നടത്താനായി തന്നെ പത്തുകോടി രൂപ ആവശ്യമായി വരും.