കോട്ടയം: ഇരിക്കൂർ എം.എൽ.എ കെ.സി ജോസഫിനെതിരെ ടെലിവിഷൻ പരിപാടിയിൽ പ്രതികരിച്ചയാളുടെ വീടിനുനേരെ അക്രമണം. ഇന്നലെ രാത്രി 10.30ഓടെയാണ് ചെമ്പേരിയിലെ മാർട്ടിൻ എന്നയാളുടെ വീടിനു നേരെ അക്രമണം നടന്നത്. വാഹനങ്ങളിൽ എത്തിയ സംഘം കല്ലേറ് നടത്തുകയായിരുന്നു. വീടിന്റെ രണ്ടാം നിലയിലെ ജനൽ ചില്ലുകൾ പൂർണ്ണമായും തകർന്നു. ബഹളം കേട്ട് കുടുംബാംഗങ്ങൾ പുറത്തിറങ്ങിയപ്പോൾ അക്രമി സംഘം വന്ന വാഹനത്തിൽ രക്ഷപ്പെട്ടു.
കൊവിഡുമായി ബന്ധപ്പെട്ട് ഇരിക്കൂർ നിയോജക മണ്ഡലത്തിൽ എം.എൽ.എയായ കെ.സി ജോസഫിനെ കാണുവാനില്ല എന്ന് സ്വകാര്യ ചാനലിൽ പ്രതികരിച്ചയാളായിരുന്നു മാർട്ടിൻ. സ്വശ്രയ എൻജിനിയറിംഗ് കോളേജ് ജീവനക്കാരനായ ഇയാൾ പ്രതിപക്ഷ നേതാവ് പങ്കെടുത്ത പരിപാടിയിലാണ് അഭിപ്രായം പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് സംബന്ധിച്ച് പ്രദേശിക കോൺഗ്രസ് നേതാക്കളുമായി വാക്കുതർക്കങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് മാർട്ടിൻ പറയുന്നത്.എം.എൽഎയ്ക്കെതിരായ പ്രതികരണത്തിന്റെ പേരിലാണ് ആക്രമണം എന്ന് തന്നെയാണ് മാർട്ടിൻ പറയുന്നത്.