ന്യൂയോർക്ക് : അമേരിക്കൻ മരുന്നു കമ്പനിയായ ഫൈസറും ജർമൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോൺടെകും ചേർന്ന് നിർമിക്കുന്ന കൊവിഡ് വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം തിങ്കളാഴ്ച അമേരിക്കയിൽ തുടങ്ങി. പരീക്ഷണം വിജയകരമാകുകയാണെങ്കിൽ അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കാനുള്ള വാക്സിൻ സെപ്റ്റംബറോടെ തയാറാകും. ജനിതക വസ്തുവായ എം.ആർ.എൻ.എയെ അടിസ്ഥാനമാക്കി നിർമിച്ചതാണ് ഈ വാക്സിൻ.
മൊഡേർണ, ഇനോവിയോ, കാൻസിനോ തുടങ്ങിയ കമ്പനികളും ഇതേ രീതിയിൽ വാക്സിൻ രൂപപ്പെടുത്താനുള്ള തയാറെടുപ്പിലാണ്. ഇവയിൽ ചിലത് ആഴ്ചകൾക്ക് മുമ്പ് തന്നെ മനുഷ്യരിൽ പരീക്ഷണം തുടങ്ങിക്കഴിഞ്ഞു. അതേസമയം, എം.ആർ.എൻ.എയെ അടിസ്ഥാനമാക്കി മറ്റ് വൈറസുകൾക്കെതിരെ നിർമിച്ചിട്ടുള്ള വാക്സിനുകളൊന്നും ഇതേവരെ ആഗോള വിപണിയിലെത്തിയിട്ടില്ല.
ന്യൂയോർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫൈസറും ജർമനിയുടെ ബയോൺടെക്കും തങ്ങൾ വികസിപ്പിച്ചെടുത്ത BNT162 എന്ന് പേരിട്ടിരിക്കുന്ന വാക്സിൻ ഏപ്രിൽ അവസാനം ജർമനിയിൽ മനുഷ്യരിൽ പരീക്ഷണം നടത്തിയിരുന്നു. 12 പേരിലാണ് ആദ്യ ഘട്ട പരീക്ഷണം നടത്തിയത്. പിന്നീട് ഇത് 200 പേരിലേക്ക് വ്യാപിപ്പിച്ചിരുന്നു.
യു.എസിൽ ആദ്യഘട്ട പരീക്ഷണം 360 വോളന്റിയർമാരിൽ നടത്താനാണ് ഇരുകമ്പനികളും തീരുമാനിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 8,000 വോളന്റിയർമാരെ തിരഞ്ഞെടുക്കും. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുടെ ഗ്രോസ്മാൻ സ്കൂൾ ഒഫ് മെഡിസിൻ, യൂണിവേഴ്സിറ്റി ഒഫ് മേരിലാൻഡ് സ്കൂൾ ഒഫ് മെഡിസിൻ, യൂണിവേഴ്സിറ്റി ഒഫ് റോച്ചസ്റ്റർ മെഡിക്കൽ സെന്റർ, സിൻസിനാറ്റി ചിൽഡ്രൺസ് ഹോസ്പിറ്റൽ മെഡിക്കൽ സെന്റർ എന്നിവിടങ്ങളിൽ ഈ വാക്സിനെ പറ്റിയുള്ള പഠനങ്ങൾ നടക്കും.