dc

ന്യൂഡൽഹി: കോടതി അലക്ഷ്യ കേസിൽ മൂന്ന് അഭിഭാഷക സംഘടനാ നേതാക്കൾക്ക് തടവുശിക്ഷ വിധിച്ച് സുപ്രീംകോടതി. മൂന്ന് മാസത്തേക്കാണ് മൂന്ന് മുതിർന്ന അഭിഭാഷകരെ കോടതി ശിക്ഷിച്ചത്. ജഡ്‌ജിമാർക്ക് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനാണ് ശിക്ഷ.

സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരും അഭിഭാഷക സംഘടന നേതാക്കളുമായ അഡ്വ. വിജയ് കുർല, അഡ്വ. റാഷിദ് ഖാൻ, അഡ്വ. നിലേഷ് ഒജാ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇവർ ചെയ്ത കുറ്റം വിട്ടയക്കാൻ സാധിക്കുന്ന ഒന്നല്ലെന്ന് ശിക്ഷാ വിധി പ്രസ്താവിച്ചു കൊണ്ട് കോടതി പറഞ്ഞു. കോടതി അലക്ഷ്യ നിയപ്രകാരം മൂവരും ചെയ്തത് ക്രിമിനൽ കോടതി അലക്ഷ്യമാണെന്നും വിധി പ്രസ്താവനത്തിൽ പറയുന്നു.

മലയാളി അഭിഭാഷകൻ മാത്യൂസ് നെടുമ്പാറയ്ക്കെതിരെ സുപ്രീംകോടതി എടുത്ത നടപടിയുടെ പേരിലാണ് ജഡ്ജിമാർക്കെതിരെ അഭിഭാഷകർ രംഗത്ത് എത്തിയത്. ജസ്റ്റിസ് റോഹിൻ്റൺ നരിമാനെതിരെ മോശം പരാമ‍ർശം നടത്തിയതിന് മാത്യൂ നെടുമ്പാറയെ സുപ്രീംകോടതിയിൽ ഹാജരാകുന്നതിൽ നിന്നും നേരത്തെ കോടതി വിലക്കിയിരുന്നു. അതിനെതിരെയാണ് അഭിഭാഷകർ പ്രചാരണം നടത്തിയത്. ജസ്റ്റിസ് ദീപക് ഗുപ്ത അദ്ധ്യക്ഷനായ ബെഞ്ചാണ് തടവുശിക്ഷ വിധിച്ചത്.