covid-maharashtra

മുംബയ്: മഹാരാഷ്ട്രയിൽ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം അറുന്നൂറ് കടന്നു. രോഗികളുടെ എണ്ണം പതിനയ്യായിരം പിന്നിട്ടു. ഇരുപത്തിനാല് മണിക്കൂറിനിടെ 34 പേരാണ് മരിച്ചത്. 841 പേർക്ക് പുതുതായി രോഗം റിപ്പോർട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം 15525 ആയി. ഇതുവരെ 617 പേരാണ് മരിച്ചത്.

മുംബയിൽ ഇന്നലെ മാത്രം 26 പേരാണ് മരിച്ചത്. 9758 കോവിഡ് കേസുകളാണ് മുംബയ് നഗരത്തിൽ ഇതുവരെ റിപ്പോർട്ടു ചെയ്തത്.പുനെയിൽ ആറ് പേരും, ഔറംഗാബാദിലും കോലാപൂരിലും ഓരാൾവീതവും മരിച്ചു. ധാരാവിയിൽ രോഗികളുടെ എണ്ണം 665 ആയി. ഇതുവരെ 20 മരണമാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.

നിയന്ത്രണങ്ങൾ മറികടന്ന് ജനം തെരുവിലിറങ്ങുന്നത് പതിവായതോടെ മുംബയിലെ ലോക് ഡൗൺ ഇളവുകൾ റദ്ദാക്കി.നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം തുറന്ന മദ്യശാലകൾ അടച്ചു.ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് ഹോട്ട് സ്പോട്ടായ മുംബയിൽ മദ്യ വിൽപ്പന ശാലകൾ തുറന്നത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. മദ്യവില്പനശാലകളുടെ മുന്നിൽ ആളുകളുടെ നീണ്ട നിരയാണ് ഉണ്ടായിരുന്നത്. മദ്യശാലകൾ ഉൾപ്പെടെ ആവശ്യേതര വസ്തുക്കൾ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്ക് അനുവദിച്ച പ്രവർത്തനാനുമതി മുംബയ് കോർപ്പറേഷൻ റദ്ദാക്കി.