
വാളയാർ: തമിഴ്നാടിന്റെ പരിശോധന വൈകുന്നതിനാൽ വാളയാർ ചെക്ക്‍പോസ്റ്റിൽ വൻ തിരക്ക്. വാഹനങ്ങളുടെ നീണ്ട നിരയാണ് ഇവിടെ കാണാൻ കഴിയുന്നത്. അതിർത്തി കടന്ന് തമിഴ്‍നാട്ടിലേക്ക് പോകേണ്ട വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് മടങ്ങേണ്ടവരെ ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചയയ്‍ക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഇതിനായി തമിഴ്‍നാട് സർക്കാരിന്റെ പാസ് നിർബന്ധമാക്കുകയും ചെയ്തു. വെബ്‍സൈറ്റിലെ സാങ്കേതിക തകരാർ പരിഹരിച്ചതായും അപേക്ഷിക്കുന്നവർക്ക് ഡിജിറ്റൽ പാസ് നൽകുമെന്നും തമിഴ്‍നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. അതിനിടെ തമിഴ്നാട്ടിൽ നിന്നും കൂത്താട്ടുകുളത്തേക്ക് മുട്ടയുമായി എത്തിയ ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെയ് മൂന്നിന് രാവിലെ ആറ് മണിക്കാണ് ലോറി കൂത്താട്ടുകുളം മാർക്കറ്റിലെത്തിയത്. കോട്ടയം ജില്ലയിൽ ലോഡ് ഇറക്കിയ ശേഷം മെയ് നാലിന് നാമക്കലിലേക്ക് പോയി.
ഫലം പോസിറ്റീവായതോടെ ഡ്രൈവറെ നാമക്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ രണ്ട് പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. കൂത്താട്ടുകുളത്തും പരിസരപ്രദേശങ്ങളിലും ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.