രാത്രി ഭക്ഷണം കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അമിത അളവിലുള്ള ഭക്ഷണം, വളരെ വൈകിയുള്ള അത്താഴം, അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം, മാംസവിഭവങ്ങൾ എന്നിവ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. രാത്രി കഴിക്കുന്ന അധിക കാലറിയും കൊഴുപ്പും അടങ്ങിയ ഭക്ഷണം ഉടനടി വയറിലേക്കു നിക്ഷേപിക്കപ്പെടുന്നു. കുടവയർ ഉണ്ടാവാനുള്ള പ്രധാന കാരണം ഇതാണ്. ഇത് പ്രമേഹത്തിനും കാരണമായേക്കാം.
ഭക്ഷണനേരം ശരീരത്തിലെ ഹോർമോണുകളെയും ദഹന പ്രവർത്തനങ്ങളെയും വളരയേറെ സ്വാധീനിക്കും. ഹൃദയസംബന്ധമായ രോഗങ്ങളാണ് മറ്റൊരു വില്ലൻ. രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞ് ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം എന്നിവ ഉണ്ടാകാം.
രാത്രി ഏറെ വൈകിയുള്ള ഭക്ഷണം കഴിക്കൽ അഡ്രിനാലിൻ പോലുള്ള സ്ട്രെസ് ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നു. ഇതു ബിപി കൂടാനിടയാക്കാം. ഇതുവഴി പക്ഷാഘാതത്തിനുള്ള സാധ്യത വർദ്ധിക്കുന്നു.
മാംസവിഭവങ്ങൾ അധികം കഴിക്കുന്നത് യൂറിക് ആസിഡ് കൂടാൻ കാരണമാകും. മാംസവിഭവങ്ങളിലെ പ്യൂരൻ എന്ന ഘടകമാണ് യൂറിക് ആസിഡ് കൂട്ടുന്നത്. റെഡ് മീറ്റ്, കടൽ വിഭവങ്ങൾ, അയല, ചൂര പോലുള്ള മീനുകൾ എന്നിവയിലെല്ലാം പ്യൂരിൻ ധാരാളമുണ്ട്. ഇത് ഗൗട്ട് പോലുള്ള സന്ധിരോഗങ്ങൾക്കും രക്തധമനീ രോഗങ്ങൾക്കും വഴിതെളിക്കും. രാത്രി വൈകി കൂടുതൽ കലോറി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് സ്ത്രീകളിൽ ഹൃദ്രോഗത്തിനുളള സാദ്ധ്യത കൂട്ടുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
രാത്രിയിൽ ജങ്ക്ഫുഡ്, മസാല അടങ്ങിയ ഭക്ഷണം, ബിരിയാണി, ചോറ് , കൊഴുപ്പ് കൂടിയ ഇറച്ചികൾ, സോഡ, , ചോക്ലേറ്റ് തുടങ്ങിയവ കഴിവതും ഒഴിവാക്കുക. രാത്രി എട്ട് മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നതാണ് ഉത്തമം.