russia

മോസ്കോ: റഷ്യയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ അപാകതകൾ ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പിനെ വിമർശിച്ച മൂന്ന് ഡോക്ടർമാർ ദുരൂഹ സാഹചര്യത്തിൽ ആശുപത്രിയുടെ മുകളിലെ ജനാല വഴി താഴേക്ക് വീണതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താഴെ വീണ മൂന്ന് ഡോക്ടർമാരിൽ രണ്ട് പേർ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവം ആത്മഹത്യയാണോ അബദ്ധത്തിൽ താഴെ വീണതാണോ എന്ന് വ്യക്തമല്ല.

മോസ്കോയിലെ ഡോക്ടർ അലക്സാണ്ടർ ഷൂൾപോവ് ശനിയാഴ്ചയാണ് ആശുപത്രിയിലെ മുകളിലുള്ള ജനാല വഴി താഴെ വീണത്. കോവിഡ് ബാധിതനായിരുന്ന ഇയാൾ ഈ ആശുപത്രിയിൽ തന്നെ ചികിത്സയിൽ കഴിയുകയായിരുന്നു. തങ്ങൾക്ക് ആവശ്യത്തിന് സുരക്ഷാ സജ്ജീകരണങ്ങളില്ലെന്നും രോഗബാധ കണ്ടെത്തിയിട്ടും രോഗികളെ ചികിത്സിക്കാൻ പ്രേരിപ്പിക്കുന്നതായുമുള്ള വിവരം അലക്സാണ്ടർ ഒരു വീഡിയോയിലൂടെ പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെയാണ് അപകടമുണ്ടായത്.

സൈബീരിയയിലെ ക്രാസ്നോയാർസ്കിൽ ഒരു ആശുപത്രിയിലെ മുതിർന്ന വനിതാ ഡോക്ടർ ഏപ്രിൽ 26ന് സമാന രീതിയിൽ ജനാല വഴി വീണ് മരിച്ചിരുന്നു. സുരക്ഷാ ഉപകരണങ്ങൾ ഇല്ലെന്ന് ഇവരും മുമ്പ് ആരോപിച്ചിരുന്നു. വേണ്ട സൗകര്യങ്ങൾ നൽകാതെ കൊവിഡ് രോഗികളെ ഈ ആശുപത്രിയിൽ ചികിത്സിക്കാനാവില്ലെന്നും ഇവർ പറഞ്ഞിരുന്നു. മോസ്കോയിൽ യൂറി ഗഗാറിൻ കോസ്മോനട്ട് ട്രെയിനിംഗ് സെന്റർ സ്ഥിതി ചെയ്യുന്ന സ്റ്റാർ സിറ്റിയിൽ നതാലിയ ലെബെഡേവ എന്ന ഡോക്ടർ ഇതേ സാഹചര്യത്തിൽ ഏപ്രിൽ 24ന് മരിച്ചിരുന്നു. കൊവിഡ് ചികിത്സയിൽ കഴിയവെയാണ് ഇവർ മരിച്ചത്. ജീവനക്കാരിൽ കൊവിഡ് കാരണമായി എന്ന് ആശുപത്രി മാനേജ്മെന്റ് ആരോപിച്ചതിന്റെ വിഷമത്തിൽ നതാലിയ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ പറയുന്നത്. നിലവിൽ 1,55,370 രോഗികൾക്കാണ് റഷ്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,451 പേർക്ക് മരണം സംഭവിച്ചതായാണ് ഔദ്യോഗിക രേഖകൾ പറയുന്നത്.