അബുദാബി: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം അമ്പതായി. കാസർകോട് മേൽപറമ്പ് സ്വദേശി മുഹമ്മദ് നസീറാണ് (56) മരിച്ചത്. കൊവിഡ് ബാധിതനായി കഴിഞ്ഞ പത്ത് ദിവസമായി ചികിത്സയിലായിരുന്നു നസീർ.
മലയാളികളുടെ മരണം മലയാളി സമൂഹത്തെയാകെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. പെട്ടെന്ന് രോഗം ബാധിക്കുകയും പിന്നെ മരിച്ചതായി അറിയുകയും ചെയ്യുന്ന തീർത്തും ചങ്ക് തകർക്കുന്ന അവസ്ഥയിലാണ് മലയാളികൾ. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് നാട്ടിലെത്തണമെന്ന പ്രാർത്ഥനയിലാണ് മലയാളികൾ.
നാളെ മുതൽ കുറച്ച് പേർക്കെങ്കിലും പോകാൻ കഴിയുമല്ലോ എന്ന ആശ്വാസവമുണ്ട്. വല്ലാത്തൊരു മാനസികാവസ്ഥയിലാണ്. നാട്ടിൽ ചെന്നാൽ എന്ത് ചെയ്യുമെന്ന ചോദ്യവും അവശേഷിക്കുന്നു. പോകാനും വയ്യ, പോകാതിരിക്കാനും കഴിയാത്ത അവസ്ഥയിലുള്ളവരുമുണ്ട്. വിസിറ്റിംഗ് വിസയിൽ വന്നിട്ട് ജോലി ശരിയാക്കി ഗൾഫിൽ തന്നെ തുടരാമെന്ന് കരുതിയിരുന്നവരുടെ മോഹങ്ങൾ വീണുടയുകയാണ്.
ഇന്ത്യയുടെ പതിമൂന്ന് നഗരങ്ങളിലേക്കാണ് നാളെ മുതൽ പ്രവാസികളെ തിരികെയെത്തിക്കുന്നത്. അമേരിക്ക, ബ്രിട്ടൻ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ് , മലേഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിലുള്ളവരെയും നാളെ മുതൽ മടക്കി അയയ്ക്കും.