tree
പാറശാല മഹാദേവർ ക്ഷേത്രത്തിന് സമീപം കടപുഴകി വീണ ആൽമരം

പാറശാല: ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം.നെയ്യാറ്റിൻകരയിലും പരിസര പ്രദേശങ്ങളിലുമായി ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. വ്ലാത്താങ്കര, പൂഴിക്കുന്ന് തുടങ്ങിയ പ്രദേശത്ത് വീടുകൾക്ക് മുകളിൽ മരം വീണ് വീടുകൾ ഭാഗികമായി തകർന്നു. സമീപത്തെ വൈദ്യുതി പോസ്റ്റ് നിലംപതിച്ചതിനെ തുടർന്ന് വൈദ്യുതിബന്ധം പൂർണ്ണമായും നിലച്ചു. പാറശാല മഹാദേവർ ക്ഷേത്രത്തിന് സമീപത്തെ വലിയ ആൽമരം കടപുഴകി വീണ് പാറശാല കൊല്ലങ്കോട് ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.റോഡിന് കുറുകെ വീണ മരം പാറശാല ഫയർഫോഴ്സെത്തിയാണ് മുറിച്ചുമാറ്റിയത്. ശക്തമായ കാറ്റിൽ ഉദിയൻകുളങ്ങര, അമരവിള, പരശുവയ്ക്കൽ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾക്കും മേൽക്കൂരകൾക്കും നാശനഷ്ടമുണ്ടായി. ചെങ്കൽ ,കൊല്ലയിൽ, കാരോട് തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ കൃഷിയിടങ്ങളിലായി കൃഷി നാശവും സംഭവിച്ചു.