റിയാദ്: സൗദിയിൽ നിന്നും നാട്ടിലേക്ക് നാളെ വിമാനം പുറപ്പെടാനിരിക്കേ ആരെയൊക്കെ കൊണ്ടുപോകുമെന്ന കാര്യത്തിൽ മലയാളികൾക്കിടയിൽ ഇപ്പോഴും ആശങ്ക. ആദ്യ ഘട്ടത്തിൽ നാട്ടിലേക്ക് തിരിക്കേണ്ടവരുടെ അന്തിമ പട്ടിക എംബസി പൂർത്തിയാക്കിയിട്ടുണ്ട്. വ്യാഴാഴ്ച ആരംഭിക്കുന്ന ആദ്യ വിമാനത്തിൽ പോകേണ്ട യാത്രക്കാരെ എംബസി ഫോണിൽ ബന്ധപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
ആദ്യ വിമാനത്തിലെ യാത്രക്കാർ ബുധനാഴ്ച രാവിലെ റിയാദിലെ എയർ ഇന്ത്യ ഓഫീസിലെത്താനാണ് അറിയിപ്പ്. എന്നാൽ, ദൂര ദിക്കുകളിൽ നിന്നുള്ളവർക്ക് എത്തിച്ചേരാൻ സാധിക്കാത്ത അവസ്ഥയുണ്ട്. ജിദ്ദ, ദമാം എന്നിവിടങ്ങളിൽ നിന്ന് ഓരോ വിമാനവും റിയാദിൽ നിന്ന് രണ്ട് വിമാനവുമാണ് കേരളത്തിലേക്ക് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. അടിയന്തരമായി നാട്ടിൽ പോകേണ്ട ഗർഭിണികൾ, പ്രായമായവർ, വിദ്യാർത്ഥികൾ, വിസ കാലാവധി കഴിഞ്ഞവർ എന്നിവരെയാണ് ആദ്യ നാലു വിമാനങ്ങളിൽ കൊണ്ടുപോകുന്നത്. ഗർഭിണികളെ ഈ ആഴ്ച തന്നെ നാട്ടിലെത്തിക്കാനാണ് തീരുമാനം.
എന്നാൽ, രജിസ്റ്റർ ചെയ്ത ശേഷം പാേകാൻ താത്പര്യമില്ലെന്ന് അറിയിച്ചവരുമുണ്ട്. ഏഴ് മാസം കഴിഞ്ഞ ഗർഭിണികളെ വിമാനത്തിൽ കൊണ്ടുപോകുന്നതിന് നിയമപരമായി കഴിയില്ലെന്നുള്ളതിനാൽ പലരും സ്വയം ഒഴിഞ്ഞു മാറുകയാണ്. ഗർഭിണികൾ നാട്ടിലെത്തിയാൽ ക്വാറൻൈറനിൽ കഴിയേണ്ടി വരുമെന്നതും ഇവരെ പിൻതിരിപ്പിക്കുന്നു. ഗർഭിണിക്കൊപ്പം മറ്റൊരാളെ കൊണ്ടു പോകില്ലെന്നുള്ള നിബന്ധനയും ചിലരെ പിൻതിരിപ്പിക്കാൻ പ്രേരിപ്പിച്ചു. രാവിലെ നാട്ടിലെത്തുന്ന രീതിയിൽ രാത്രിയിലാണ് സൗദിയിൽ നിന്നുള്ള കേരള സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. സൗദിയിൽ വൈകിട്ട് അഞ്ചുമണിക്ക് കർഫ്യൂ തുടങ്ങുന്നതിനാൽ എല്ലാ യാത്രക്കാരും നേരത്തെ വിമാനത്താവളത്തിലെത്തേണ്ടിവരും.