കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലും കൊച്ചി തുറമുഖത്തും എത്തുന്ന പ്രവാസികളുടെ പരിശോധനയ്ക്കായി ക്യൂ.ആർ കോഡ് ഏർപ്പെടുത്തുന്നു. കൊവിഡ് പരിശോധന കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമയായാണിത്.ക്യൂ.ആർ കോഡിൽ ഒാരോ യാത്രികന്റെയും വിവരങ്ങൾ ശേഖരിക്കും.നാളെ ദോഹയിൽ നിന്നും അബുദാബിയിൽ നിന്നുമായി നാനൂറുപേരാണ് ഇവിടെ എത്തുന്നത്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ക്യൂ.ആർ കോഡിലുണ്ടാവും.എത്തുന്നവരിലാരെങ്കിലും ക്വാറന്റൈനിൽ പോവുകയാണെങ്കിൽ അതിന്റെ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തും.ഇതിലൂടെ പരിശോധനയും ക്വാറന്റൈൻ കാലത്തെ നീക്കങ്ങളും നിരീക്ഷിക്കാൻ കഴിയും എന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിലാണ് ക്യൂ.ആർകോഡ് നടപ്പാക്കുന്നത്.വിജയകരമാണെന്ന്കണ്ടാൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. നാളെ എത്തുന്ന പ്രവാസികളെ പത്തുപേരാണ് പരിശോധിക്കുന്നത്.
അബുദാബിയിൽ നിന്നുളള ആദ്യവിമാനം നാളെ രാത്രി 9.40 ന് നെടുമ്പാശേരിയിലിറങ്ങും. ആദ്യ സംഘത്തിലുളള മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർക്ക് യു.എ.ഇ എംബസി വിവരം കൈമാറി. ടിക്കറ്റുകളുടെ വിതരണവും തുടങ്ങി. യു.എ.ഇയിൽ നിന്നുളളവരെ കൊവിഡ് പരിശോധനയ്ക്ക് ശേഷമേ വിമാനത്തിൽ കയറ്റുവെന്നാണ് വിവരം. എന്നാൽ പരിശോധന സംവിധാനം സംബന്ധിച്ച് അവ്യക്ത തുടരുകയാണെന്നാണ് റിപ്പോർട്ട്.