സൗദി: സൗദി അറേബ്യയിലെ ജിദ്ദയിലുള്ള ഇന്ത്യൻ കോൺസുലേറ്റിൽ പാസ്‌പോർട്ട് സേവനങ്ങൾ അനിശ്ചിത കാലത്തേക്ക് നിറുത്തി വച്ചു. ആളുകൾ കൂട്ടമായെത്തിയതോടെ തിരക്കുമൂലം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പാസ്‌പോർട്ട് സേവനങ്ങൾ നിറുത്തി വച്ചതായി കോൺസുലേറ്റ് അറിയിച്ചു.
തിങ്കളാഴ്ച മുതൽ ടെലിഫോണിലും ഇ-മെയിൽ വഴിയും ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് കോൺസുലേറ്റിൽ എത്താനുള്ള സമയവും നൽകിയിരുന്നു.നിർദ്ദേശങ്ങൾ പാലിക്കാതെ രജിസ്റ്റർ പോലും ചെയ്യാതെ ധാരാളം പേർ കോൺസുലേറ്റിൽ എത്തിയതോടെ സേവനങ്ങൾ നിറുത്തി വെക്കുകയായിരുന്നു.
സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങൾ അനുസരിച്ച് പടിഞ്ഞാറൻ മേഖലയിലുള്ള വിവിധ നഗരങ്ങളിൽ പ്രവർത്തിക്കുന്ന വിസ പാസ്‌പോർട്ട് സേവനങ്ങൾ ഭാഗികമായി തുറന്നു
പ്രവർത്തിക്കാനുള്ള അനുമതിയാണ് സൗദി അധികൃതർ നൽകിയിരുന്നത്. അത് ലംഘിച്ചതോടെയാണ് സേവനങ്ങൾ നിറുത്തിയത്. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള വിമാന സർവീസ് ആരംഭിക്കുന്നതിനുസരിച്ച് യാത്ര മുടങ്ങാതിരിക്കാൻ പാസ്‌പോർട്ട് കാലാവധി കഴിഞ്ഞവർക്കും കോൺസുലേറ്റ് സേവനങ്ങൾ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.