കൊവിഡ് വന്നതോടെ നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു മാസ്ക്കുകൾ. മാസ്ക്കുകൾ ധരിച്ചാണ് നാമിപ്പോൾ പരസ്പരം സംസാരിക്കുന്നത്. എന്നാൽ ഈ മാസ്ക്കുകൾ പരസ്പരം സംസാരിച്ചാലോ? എന്തൊക്കെ വിശേഷങ്ങളായിരിക്കും അവർ പങ്കുവയ്ക്കുക? അറിയാൻ ആഗ്രഹമുണ്ടോ? എന്നാൽ അങ്ങനെ വ്യത്യസ്തമായ ആശയത്തിലൂടെ മാസ്ക്കിന്റെ പ്രാധാന്യത്തെപ്പറ്റി ഒരു ഷോർട്ട് ഫിലിമുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ.
ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ആറ് മിനിറ്റ് ദെെർഘ്യമുള്ള " ഒരു അയയിലെ കഥ" എന്ന ഹ്രസ്വ ചിത്രം ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ആശുപത്രികളിൽ മാത്രം ഉപയോഗിച്ചു കൊണ്ടിരുന്ന മാസ്ക് ഇന്ന് എല്ലാവരും ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് അയയിൽ ഉണക്കാനിട്ടിരിക്കുന്ന മാസ്കുകളുടെ സംസാരവിഷയങ്ങളിൽ ഒന്ന്. എല്ലായിടങ്ങളിലും കയറിയിറങ്ങി സഞ്ചരിച്ച് മടുത്ത കഥയും മാസ്കുകൾ പരസ്പരം പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടയിൽ താത്ക്കാലിക മാസ്കുകളായി വിലസുന്ന തൂവാലകളെപ്പറ്റിയും മാസ്കുകൾ സംസാരിക്കുന്നു.
അലക്സ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അശ്വിൻ ഫ്രെഡി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. സുജിത് കുമാർ കലാസംവിധാനവും സുമോദ് ഒ. എസ് ശബ്ദമിശ്രണവും നിർവഹിച്ചിരിക്കുന്നു. റയാൻ ഫിലിംസിന്റെ ബാനറിലാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്.