covid

മെക്സിക്കോ സിറ്റി : കൊവിഡ് 19 ഭരണകൂടത്തിന്റെ തട്ടിപ്പാണെന്ന് ആരോപിച്ച് 300 ഓളം പേർ ചേർന്ന് കൊവിഡ് രോഗിയെ ആശുപത്രിയിൽ നിന്ന് കടത്താൻ ശ്രമിച്ചു. മെക്സിക്കോയിൽ ചിയാപാസിലെ മോട്ടോസിൻറ്റ്ലയിലെ സോഷ്യൽ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഹോസ്പിറ്റലിലാണ് സംഭവം. പ്രദേശത്ത് മൂന്നാമതൊരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ജനങ്ങൾ രോഷാകുലരായത്.

രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇയാളെ ആശുപത്രിയിൽ നിന്നും രക്ഷിക്കണമെന്നഭ്യർത്ഥിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടു. കൊവിഡ് സർക്കാരിന്റെ ഗൂഢലോചനയാണെന്നും, അധികൃതർ ആളുകളെ കൊല്ലാൻ ശ്രമിക്കുകയാണെന്നുമാണ് നാട്ടുകാരുടെ ആരോപണം. ഫേസ്ബുക്ക് പേജിലൂടെ ആളുകളോട് വീടുകളിൽ നിന്നും പുറത്തിങ്ങണമെന്നും കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിലേക്ക് മാർച്ച് നടത്തണമെന്നും ഇവർ ആഹ്വാനം ചെയ്തു.

വൈറസ് ഇല്ലെന്നും അതുകൊണ്ട് സർക്കാർ പറയുന്നത് പോലെ എല്ലാവരും വീടുകളിൽ തുടരേണ്ട കാര്യമില്ലെന്നും ഇവർ ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ ആർമിയുടെയും സുരക്ഷാ സേനകളുടെയും സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് ആശുപത്രി അധികൃതർ. അതേസമയം, കൊവിഡ് തട്ടിപ്പല്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വാദിക്കുന്ന ചെറിയ ഒരു വിഭാഗം ജനങ്ങളും മോട്ടോസിൻറ്റ്ല നഗരത്തിലുണ്ട്.