chennithala

തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട് പ്രവാസികളുടെ മടങ്ങി വരവിൽ സ്വീകരിക്കേണ്ട നടപടികളിൽ മുഴുവൻ അവ്യക്തതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും പരസ്പര വിരുദ്ധമായാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസാരിക്കുന്നത്. ദിവസവും ഇരുവരും പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. വളരെ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ സംസ്ഥാനവും കേന്ദ്രവും ഒരുമിച്ച് പ്രവർത്തിക്കണം.

സംസ്ഥാനവും കേന്ദ്രവും നിർണായക സമയത്ത് കലഹിക്കുന്നത് ദൗർഭാഗ്യകരമായ കാര്യമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വിദേശത്ത് നിന്ന് ആളുകളെ കൊണ്ടുവരാൻ കേന്ദ്രത്തിനാണ് കൂടുതൽ ഉത്തരവാദിത്വം. എന്നാൽ ദുരന്ത മുഖത്ത് കേന്ദ്രവും സംസ്ഥാനവും രാഷ്ട്രീയം കളിക്കുകയാണ്. പ്രവാസികളെ കൊണ്ടുവരാൻ എംബസികളിലെ വെൽഫയർ ഫണ്ട് ഉപയോഗിക്കണമെന്ന് പറഞ്ഞ ചെന്നിത്തല പാവപ്പെട്ടവരെ സഹായിക്കാൻ നോർക്ക മുന്നോട്ട് വരണമെന്നും അഭിപ്രായപ്പെട്ടു.

തിരുവനന്തപുരത്തേക്ക് കൂടുതൽ വിമാനങ്ങൾ ഏർപ്പാട് ചെയ്യണം. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറയുന്ന കാര്യത്തിൽ വിശ്വാസ്യതയില്ലാതായിരിക്കുന്നു. വാർത്താസമ്മേളനം ദിവസവും നടത്തുന്ന കലാപരിപാടിയായി മാറിയിരിക്കുകയാണെന്നും ചെന്നിത്തല പരിഹസിച്ചു. ഇന്ത്യയ്ക്കകത്ത് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളുടെ കാര്യങ്ങൾ ദുരവസ്ഥയാണ്.

ഇവിടെ നിന്ന് 19 ട്രെയിനുകളാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് പോയത്. അത് തിരിച്ച് വരുമ്പോൾ മലയാളികളെ കൂട്ടി കൊണ്ട് വരാമായിരുന്നു. എന്നാൽ കേരളം ഇതുവരെ മലയാളികളെ തിരികെ കൊണ്ടുവരാൻ ട്രെയിൻ ആവശ്യപ്പെട്ടില്ല. ചെന്നൈ, ബംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ മാനദണ്ഡങ്ങൾ പാലിച്ച് മലയാളികളെ കൊണ്ടുവരാൻ തയാറാകണം. പല മലയാളികളും മാനസികമായി പ്രായസത്തിലാണെന്നും സർക്കാർ വൈകിയാണെങ്കിലും തീരുമാനമെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.

രണ്ട് മാസമായി ജോലിയില്ലാതെ കഷ്ടപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കൈയ്യിൽ നിന്നാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. കേന്ദ്രവും കേരളവും അവരെ സഹായിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് അവരെ സഹായിക്കാൻ സോണിയഗാന്ധിയുടെ നിർദേശ പ്രകാരം കെ.പി.സി.സി തയ്യാറായത്.

എന്നാൽ മുഖ്യമന്ത്രി ധാർഷ്യടത്തോടെയാണ് സംസാരിച്ചത്. പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിച്ച സി.പി.എംകാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഒരു ഉളുപ്പുമില്ലാതെയാണ് അവരുടെ പണം അവരുടെ കൈയ്യിൽ ഇരിക്കട്ടെയെന്ന് പറഞ്ഞത്. തമിഴ്നാട് മുഖ്യമന്ത്രി അവിടത്തെ പി.സി.സി കൊടുത്ത ഒരു കോടി വാങ്ങാൻ തയ്യാറായി. അതാണ് സമീപനങ്ങൾ തമ്മിലുള്ള വ്യത്യാസം.

കോൺഗ്രസ് കൊടുത്ത പണം വേണ്ടെന്ന് പറഞ്ഞത് വില കുറഞ്ഞ രാഷ്ട്രീയ കളിയാണെന്നും ചെന്നിത്തല പറഞ്ഞു. നാല് വർഷമായി കേരളത്തിൽ ഒരു വ്യവസായവും കൊണ്ടു വരാത്ത മുഖ്യമന്ത്രി കേരളത്തിൽ ഇപ്പോൾ വ്യവസായങ്ങൾ കൊണ്ടുവരുമെന്നാണ് പറഞ്ഞത്. അദ്ദേഹം നടത്തിയ എട്ട് വിദേശ യാത്രകൾ കൊണ്ടും യാതൊരു ഗുണമുണ്ടായില്ലെന്നും കേരളത്തിൽ അവർ പറഞ്ഞ വികസനങ്ങളൊന്നും നടന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.