തിരുവനന്തപുരം: മദ്യവില്പനശാലകൾ ഉടൻ തുറക്കേണ്ടതില്ലെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി നിലപാട് ആവർത്തിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുമായി എക്‌സൈസ് മന്ത്രിയും എക്‌സൈസ് കമ്മീഷണറും കൂടിക്കാഴ്ച നടത്തിയത്.
മദ്യവില്പനശാലകൾ തൽകാലം തുറക്കേണ്ടതില്ല. ഇപ്പോൾ തുറന്നാൽ മറ്റുസംസ്ഥാനങ്ങളിലേത് പോലെ ഇവിടെയും ക്രമസമാധാന പ്രശ്‌നങ്ങൾക്കിടയാക്കുമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിലും തൽകാലം മദ്യവില്പനശാല തുറക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാർഗമായ മദ്യവില്പനശാലകൾ ഇൗയാഴ്ച തന്നെ തുറക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ടുകൾ. വില്പനശാലകൾ അണുവിമുക്തമാക്കുകയും തുറന്നാൽ എത്താൻ പറ്റുന്ന ജീവനക്കാരുടെ കണക്കെടുക്കുകയും ചെയ്തതോടെ മദ്യവില്പനശാലകൾ ഉടൻ തുറക്കുമെന്നാണ് എല്ലാവരും കരുതിയത്.
മൂന്നാംഘട്ട ലോക്ക്ഡൗണിൽ കേന്ദ്രം ഇളവുനൽകിയതോടെ മിക്ക സംസ്ഥാനങ്ങളും മദ്യവില്പനശാലകൾ തുറന്നിരുന്നിരുന്നു.ഇത് ഡൽഹിയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പൊലീസ് ലാത്തിച്ചാർജിനും ഇട
യാക്കിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഹോട്ട്സ്പോട്ടുകളിലൊന്നായ മുംബയിൽ മദ്യശാലകൾക്ക് മുന്നിൽ വൻ ക്യൂവായിരുന്നു കാണാൻ കഴിഞ്ഞത്. കൊവിഡ് പർടന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനെത്തുടർന്ന് മദ്യവില്പശാലകൾ അടച്ചിടാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.