തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങാൻ ഇനി നോർക്ക രജിസ്ട്രേഷൻ വേണ്ട. നാട്ടിലേക്ക് മടങ്ങാൻ അനുമതി തേടുന്നവർ ഇനി കൊവിഡ് ജാഗ്രതാ പോർട്ടലിൽ അപേക്ഷിച്ചാൽ മതി. രജിസ്‌ട്രേഷൻ നടപടി ലളിതവും സുഗമവുമാക്കാനാണ് നോർക്ക രജിസ്‌ട്രേഷൻ ഒഴിവാക്കിയത്. നോർക്കയിൽ മടക്കയാത്രാ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്കും അല്ലാത്തവർക്കും ഡിജിറ്റൽ പാസിനായി www.covid19 jagratha.kerala.nic.in ൽ അപേക്ഷിക്കാം.
രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർ ലഭിച്ച നമ്പർ ഉപയോഗിച്ച് പോർട്ടലിലെ പബ്ലിക് സർവീസ് ഓപ്ഷനിൽ ട്രാവൽ പാസിനായും അപേക്ഷിക്കണം. മൊബെൽ നമ്പർ, വാഹനനമ്പർ, ചെക്ക് പോസ്റ്റ്, എത്തിച്ചേരുന്ന സമയം തുടങ്ങിയ വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ഒരേ വാഹനത്തിൽ യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളെയോ അല്ലാത്തവരെയോ ഉൾപ്പെടുത്തി ഗ്രൂപ്പ് തയ്യാറാക്കി വിവരങ്ങളും നൽകണം.
ജില്ലാ കളക്ടർമാർ അപേക്ഷകന്റെ മൊബൈൽ ഫോണിൽ എസ്.എം.എസ് ആയോ, ഇ മെയിൽ വഴിയോ പാസ് ലഭ്യമാക്കും. അനുമതി ലഭിച്ചവർക്ക് നിർദിഷ്ട ദിവസം യാത്ര തിരിക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ വരാം. അഞ്ച് സീറ്റുള്ള വാഹനത്തിൽ നാലും ഏഴു സീറ്റുള്ള വാഹനത്തിൽ അഞ്ചും വാനിൽ 10 ഉം ബസിൽ 25ഉം പേർക്ക് യാത്ര ചെയ്യാം. ചെക്ക് പോസ്റ്റുവരെ വാടകവാഹനത്തിൽ വരുന്നവർ സംസ്ഥാനത്ത് യാത്ര ചെയ്യാൻ സ്വയം വാഹനം ക്രമീകരിക്കണം. ഈ വാഹനങ്ങളിൽ ഡ്രൈവറെ മാത്രമേ അനുവദിക്കൂ.
ഡ്രൈവർ യാത്രയ്‌ക്കുശേഷം ഹോം ക്വാറന്റൈനിൽ പോകണം. മറ്റു സംസ്ഥാനങ്ങളിൽനിന്ന് യാത്രക്കാരെ കൊണ്ടുവരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കുള്ള മടക്കയാത്രാ പാസും കളക്ടർമാർ വഴി ലഭ്യമാക്കും. ചെക്ക് പോസ്റ്റിൽ വൈദ്യപരിശോധന നടത്തണം. എല്ലാ യാത്രക്കാരും കൊവിഡ്–-19 ജാഗ്രതാ മൊബൈൽ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ ബന്ധുക്കളെ കൊണ്ടുവരാൻ പോകുന്നവർക്ക് യാത്രയ്‌ക്കും തിരിച്ചുവരാനുമുള്ള പാസുകൾക്ക് യാത്രക്കാരന്റെ ജില്ലാ കളക്ടറാണ് പാസ് നൽകേണ്ടത്. യാത്രയുമായി ബന്ധപ്പെട്ട് അവിചാരിത ബുദ്ധിമുട്ടുണ്ടായാൽ അതത് ചെക്ക് പോസ്റ്റുകളുമായോ സെക്രട്ടേറിയറ്റിലെ വാർ റൂമുമായോ (ഫോൺ: 0471- 2781100,2781101) ബന്ധപ്പെടാം.