കോഴിക്കോട്: സംസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള മുപ്പതോളം പേരെ അര്‍ബന്‍ മാവോയിസ്റ്റുകളെന്ന് വിലയിരുത്തി എന്‍.ഐ.എ ലിസ്റ്റ് തയ്യാറാക്കി. കഴിഞ്ഞയാഴ്ച കോഴിക്കോട്ടുനിന്നു കസ്റ്റഡയിലെടുത്ത മൂന്ന് പേരോടും ഈ ലിസ്റ്റ് കാണിച്ച് ഇവരുമായുള്ള ബന്ധം അന്വേഷിച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. സംസ്ഥാനത്തെ പൊതുകാര്യങ്ങളിൽ സജീവമായി ഇടപെടുന്ന പലരും ഇവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും ചോദിച്ചറിയുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പന്തീരങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് അലനും താഹയും പിടിയിലായതോടെയാണ് ഇങ്ങനെ ലിസ്റ്റുണ്ടാക്കി അര്‍ബന്‍ മാവോയിസ്റ്റുകള്‍ക്കെതിരേ എന്‍.ഐ.എ നടപടി ശക്തമാക്കാനൊരുങ്ങുന്നത്. കഴിഞ്ഞയാഴ്ച കസ്റ്റഡിയിലായവരും അര്‍ബന്‍ മാവോയിസ്റ്റകളാണ് എന്നാണ് സംഘം വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ആഴ്ച നടന്ന പരിശോധനയില്‍ നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ നല്‍കുന്ന വിവരം. പന്തീരങ്കാവ് കേസില്‍ അറസ്റ്റിലായ അലനും താഹയ്ക്കും മാവോയിസ്റ്റ് ഗ്രൂപ്പിലേക്കുള്ള വഴി കാണിച്ച് കൊടുത്തതും സംഘടനയില്‍ അംഗമാക്കിയതും കസ്റ്റഡിയിലായ വിജിത്തും കോഴിക്കോട്ടെ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനായ അഭിലാഷും വിജിത്തുമാണ് എന്നാണ് എന്‍.ഐ.എ പറയുന്നത്.