ചെന്നൈ: ചെന്നൈ നഗരത്തിൽ കൊവിഡ് പൊലീസുകാരിലേക്ക് പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം 25 പൊലീസുകാർക്ക് കൂട്ടത്താേടെ കൊവിഡ‍് സ്ഥിരീകരിച്ചതിന് പിന്നാലെ, ഇന്ന് തമിഴ്നാട് പൊലീസ് ആസ്ഥാനത്തെ എട്ട് പൊലീസുകാർക്കും കൊവിഡ് സ്ഥിരീകരിച്ചു. നഗരത്തിലെ അമ്മ കാന്റീനിലെ രണ്ട് ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ചെന്നൈയിൽ കൂടുതൽ പേരിൽ കൊവിഡ് സ്ഥിരീകരിക്കുന്നത് തമിഴ്നാട്ടിൽ കടുത്ത അശങ്കയ്ക്കിടയാക്കുന്നുണ്ട്. ചെന്നൈ നഗരത്തിൽ രോഗത്തിന്റെ പ്രധാന പകർച്ചാകേന്ദ്രമായി മാറിയ കോയമ്പേട് മാർക്കറ്റിൽ എത്തി സാധനങ്ങൾ വാങ്ങിയ മറ്റു സംസ്ഥാനങ്ങളിലേക്ക് പോയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരോഗ്യവകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇടുക്കി പാലക്കാട് മലബാർ മേഖലയിലേക്കും പൊള്ളാച്ചി മേട്ടുപാളയം എന്നിവിടങ്ങളിലേക്കും കോയമ്പേട്ടിലെ ലോറി ഡ്രൈവർമാർ മടങ്ങിപ്പോയിട്ടുണ്ട്. ഇവരുമായി സമ്പർക്ക പുലർത്തിയവരെല്ലാം നിരീക്ഷണത്തിൽ പോകണമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.