ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ പ്രധാന കമാന്‍റര്‍മാരിലൊരാളെ സുരക്ഷാ സേന വധിച്ചു. ബുധനാഴ്ച പുല്‍വാമയിലെ അവന്തിപോര പ്രദേശത്ത് നടത്തിയ ഏറ്റമുട്ടലിലാണ് ഹിസ്ബുള്‍ കമാന്‍റര്‍ കൊല്ലപ്പെട്ടത്.
കാശ്മീരില്‍ നിന്ന് യുവാക്കളെ ഹിസ്ബുള്‍ മുജാഹിദ്ദീനിലേക്ക് റിക്രൂട്ട് ചെയ്യുന്നവരില്‍ പ്രധാനിയെയാണ് വധിച്ചതെന്നാണ് വിവരങ്ങള്‍. നേരത്തെ, ഏറ്റമുട്ടലിനിടെ ഹിസ്ബുള്‍ കമാന്‍റര്‍ റിയാസ് നൈക്കൂനെ ഒരു വീടിന് മുന്നില്‍ കുടുക്കിയെന്നും സുരക്ഷാ സേന വളഞ്ഞെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ജമ്മു കാശ്മീര്‍ പൊലീസ്, ഇന്ത്യന്‍ ആര്‍മി, സി.ആര്‍.പി.എഫ് എന്നീ സുരക്ഷാസേനകള്‍ ഒരുമിച്ച് നടത്തിയ ഓപ്പറേഷനിലാണ് റിയാസ് പുല്‍വാമയിലെ ബെയ്ഗ്പോരയിലെ വീട്ടില്‍ കുടുങ്ങിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. നേരത്തെ, ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തില്‍ നാല് ജവാന്മാർക്കും രണ്ട് നാട്ടുകാർക്കും പരിക്കേറ്റിരുന്നു.