കണ്ണൂർ: ഇരിക്കൂര്‍ എം.എല്‍.എ കെ.സി ജോസഫിനെതിരെ ടി.വി പരിപാടിയില്‍ പ്രതികരിച്ച ചെമ്പേരി സ്വദേശി മാര്‍ട്ടിന്‍ എന്ന വ്യക്തിയുടെ വീടിന് നേരെ ഇന്നലെ രാത്രിയുണ്ടായ ആക്രമണമണത്തിന് പിന്നിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയെന്ന് കെ.സി ജോസഫ് എം.എല്‍.എ. സംഭവത്തിന് പിന്നില്‍ വലിയ ഗൂഡാലോചനയുണ്ട്. നാളുകളായി ഒരുസംഘം തന്നെ വേട്ടയാടുകയാണെന്നും അതിന്‍റെ തുടര്‍ച്ചയാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും കെ.സി ജോസഫ് പറഞ്ഞു.
വാഹനങ്ങളില്‍ എത്തിയ സംഘം വീടിനെതിരെ കല്ലേറ് നടത്തുകയായിരുന്നു. വീടിന്‍റെ രണ്ടാം നിലയിലെ ജനൽ ചില്ലുകൾ പൂർണ്ണമായും തകർന്നു. ബഹളം കേട്ട് കുടുംബാംഗങ്ങൾ പുറത്തിറങ്ങിയപ്പോൾ അക്രമി സംഘം വന്ന വാഹനത്തിൽ രക്ഷപ്പെട്ടു.
ഇരിക്കൂർ നിയോജക മണ്ഡലത്തിൽ എം.എല്‍.എയായ കെ.സി ജോസഫിനെ കാണാനില്ല എന്ന് സ്വകാര്യ ചാനലിൽ പ്രതികരിച്ചയാളായിരുന്നു മാര്‍ട്ടിന്‍.
സ്വശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ ജോലി ചെയ്യുന്ന മാര്‍ട്ടിന്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്ത പരിപാടിയിലാണ് അഭിപ്രായം പറഞ്ഞത്. ഈ അഭിപ്രായ പ്രകടനത്തിന്‍റെ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് സംബന്ധിച്ച് പ്രദേശിക കോണ്‍ഗ്രസ് നേതാക്കളുമായി സംസാരങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് മാര്‍ട്ടിന്‍ പറയുന്നത്.