അബുദാബി: ദുബായ്, സൗദി, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ കേരളത്തിലേക്ക് പോകുന്ന യാത്രക്കാർക്കുള്ള ടിക്കറ്റ് വിതരണം ആരംഭിച്ചു. ഇന്ത്യൻ എംബസി മുൻഗണനാക്രമത്തിൽ തിരഞ്ഞെടുത്ത 176 പേരാണ് ദുബായിൽ നിന്ന് ആദ്യ വിമാനത്തിൽ യാത്ര ചെയ്യാനൊരുങ്ങുന്നത്.
എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ടവർ, ഗർഭിണികൾ, സന്ദർശക, തൊഴിൽ വീസ കാലാവധി കഴിഞ്ഞവർ, മുതിർന്നവർ തുടങ്ങിയവരെയാണ് മുൻഗണാക്രമത്തിൽ തിരഞ്ഞെടുത്തത്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് യു.എ.ഇ ആരോഗ്യമന്ത്രാലയത്തിലെ അധികൃതർ ആന്റിബോഡി ടെസ്റ്റും തെർമൽ സ്കാനിംഗും നടത്തുമെന്നു ഇന്ത്യൻ എംബസി അറിയിച്ചു.
കൊവിഡ് ലക്ഷണങ്ങളുണ്ടെന്ന് കണ്ടെത്തിയാൽ യാത്രാനുമതിയുണ്ടാകില്ല. കൊവിഡ് സ്രവ പരിശോധന നടത്തണമെന്ന് എംബസി നിർദേശിച്ചിട്ടില്ല. ത്രീ ലെയർ ഫെയ്സ് മാസ്ക്, രണ്ടു സെറ്റ് ഹാൻഡ് ഗ്ലൗസുകൾ, ഹാൻഡ് സാനിറ്റൈസർ തുടങ്ങിയവ യാത്രക്കാർക്കു നൽകും. അതേസമയം, ദോഹ,കൊച്ചി, റിയാദ്, കോഴിക്കോട് വിമാനങ്ങളിലേക്കുള്ള ടിക്കറ്റ് വിതരണവും ആരംഭിച്ചു. പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ടു യു.എ.ഇയിലെ അതേ നടപടി ക്രമങ്ങളാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും സ്വീകരിച്ചിരിക്കുന്നത്.