കല്ലമ്പലം: ഗ്രാമീണ മേഖലകളിൽ വ്യാജ ചാരായ നിർമ്മാണം തകൃതി. എക്സൈസും, പൊലീസും പരിശോധന ശക്തമാക്കിയിട്ടും വാറ്റ് ചാരായം മേഖലയിൽ സുലഭമായി ലഭിക്കുന്നുണ്ട്. പട്ടിണി കിടന്നാലും സാരമില്ല, മദ്യമില്ലാതെ ജീവിക്കാൻ പറ്റാത്ത കുടിയന്മാർ ലോക്ക് ഡൗണിൽ ശരിക്കും പ്പെട്ടു. ലോക്ക് ഡൗൺ മൂലം മദ്യവിൽപ്പനശാലകളും, ബാറുകളും പൂർണമായി അടച്ചുപൂട്ടി. ഇതോടെ വാറ്റ് ചാരായം താരമായി.

പഞ്ചായത്തുകളിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും വ്യാജ വാറ്റ് വ്യാപകമാണ്. സ്വന്തം ഉപയോഗത്തിനായി വാറ്റുന്നവരും, വിൽപ്പനയ്ക്കായി വാറ്റുന്നവരുമുണ്ട്. വിൽപ്പനക്കാരെ എക്സൈസും, പൊലീസും പിടികൂടുന്ന സംഭവങ്ങൾ ഉണ്ടെങ്കിലും സ്വന്തം ഉപയോഗത്തിനായി വാറ്റുന്നവരെ പിടികൂടുക അത്ര കണ്ട് എളുപ്പമല്ല. ലോക്ക് ഡൗണിന്റെ തുടക്കത്തിൽ റമ്മും, ബ്രാണ്ടിയും, വിസ്ക്കിയുമൊക്കെ ലിറ്ററിന് 3000 മുതൽ 7000 രൂപയ്ക്ക് വരെ ലഭ്യമായെങ്കിലും പിന്നെ ഇത് കിട്ടാതായി. അതിനു ശേഷം സ്ഥിരമായി മദ്യപിക്കുന്നവർക്ക് ചാരായം സുലഭമായി ലഭിക്കുന്നതായാണു വിവരം. വിദേശ മദ്യത്തിന് നൽകിയിരുന്ന വിലയുടെ മൂന്നും, നാലും ഇരട്ടി വ്യാജവാറ്റിലൂടെ ഉല്പാദിപ്പിക്കുന്നചാരായത്തിന് നൽകണം.

വിദേശ മദ്യത്തിന്റെ ഇരട്ടി വീര്യമുള്ളതും വീര്യം കുറഞ്ഞതുമുണ്ട്. ആവശ്യക്കാർ കൂടുമ്പോൾ വീര്യം കുറയും. മായം ചേർക്കുന്നത് കൊണ്ടാണെന്നാണ് പരിചയ സമ്പന്നർ പറയുന്നത്. മദ്യ ശാലകൾ തുറക്കുന്നത് വൈകിയാൽ മദ്യ ദുരന്തത്തിനും കേരളം സക്ഷ്യമാകുമെന്ന് ഇവർ സംശയം പ്രകടിപ്പിച്ചു.

നിരവധിയിടങ്ങളിൽ നിന്ന് പൊലീസും, എക്സൈസും വ്യാജ ചാരായവും, കോടയും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തെങ്കിലും എല്ലാ വ്യാജവാറ്റു കേന്ദ്രങ്ങളിലും പൊലീസിനും, എക്സൈസിനും ചെന്നെത്താൻ സാധിച്ചിട്ടില്ല.