ഭോപ്പാൽ: ഒരുകാലത്ത് ചമ്പലിനെ കിടുകിടാ വിറപ്പിച്ചിരുന്ന, റോബിൻ ഹുഡ് എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന. ചമ്പൽകൊള്ളത്തലവൻ മോഹർ സിംഗ് (93) മരണത്തിന് കീഴടങ്ങി. മദ്ധ്യപ്രദേശിലെ മെഹ്ഗാവ് ഗ്രമത്തിലെ വീട്ടിൽ ഇന്നലെ രാത്രി ഉറക്കത്തിനിടെയായിരുന്നു അന്ത്യം. പാവപ്പെട്ടവരുടെ വിവാഹങ്ങൾക്കായി ധനസസഹായം നൽകുകയും ആവശ്യക്കാർക്ക് രഹസ്യമായി പണമെത്തിക്കുകയും ചെയ്തതിലൂടെയാണ് മോഹർ സിംഗിന് റോബിൻ ഹുഡ് എന്ന പേര് വീണത്.
70കളിൽ മോഹർ സിംഗിനെ പിടികൂടുന്നതിനായി സർക്കാർ രണ്ട് ലക്ഷം രൂപാ വരെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 1972ൽ 140 പേരടങ്ങുന്ന സംഘവുമായി മോഹർ സിംഗ് പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നിവ ഉൾപ്പെടെ അഞ്ഞൂറോളം കുറ്റങ്ങളാണ് മോഹർസിംഗിന്റെ പേരിലുണ്ടായിരുന്നത്. ശിക്ഷിക്കപ്പെട്ട് ജയിലിൽ എട്ട് വർഷം കഴിഞ്ഞപ്പോൾ ശിക്ഷാ കാലയളവിൽ ഇളവ് ലഭിച്ചതിനെ തുടർന്ന് ജയിൽ മോചിതനായി. തുടർന്ന് കുടുംബത്തിനൊപ്പം ഗ്രാമത്തിലായിരന്നു താമസം. 1982ൽ പുറത്തിറങ്ങിയ ചമ്പൽ കെ ഡാക്കു എന്ന ബോളിവുഡ് ചിത്രത്തിൽ മോഹർ സിംഗ് അഭിനയിച്ചിട്ടുണ്ട്.