general

ബാലരാമപുരം: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും കാറ്റിലും തലയൽ ഏലായിൽ വ്യാപക കൃഷിനാശം. ബാലരാമപുരം കൃഷിഭവനുകീഴിലെ നിരവധി കർഷകരുടെ വാഴത്തോട്ടങ്ങൾ മഴയത്ത് നശിച്ചു. കൊട്ടറക്കോണം ശോഭനവിലാസം ബംഗ്ലാവിൽ മുരളീധരന്റെ ഒരേക്കർ പാട്ടക്കൃഷിയിലെ കുലച്ചതും കുലക്കാറായതുമായ 700 ഓളം ഏത്തവാഴകൾ കടപുഴകി. തലയൽ ഏലായിൽ ബിനുവിന്റെ 800, കേശവ വിലാസം ബംഗ്ലാവിൽ വിജയകുമാരൻ നായരുടെ 350, സുകുമാരൻ നായരുടെ 500,​ ശങ്കറിന്റെ 500,​ വിജയകുമാറിന്റെ 400, കൊട്ടറക്കോണം സജി ഭവനിൽ രവീന്ദ്രൻ നായരുടെ 350 വാഴകൾ എന്നിങ്ങനെയാണ് നശിച്ചത്. വാഴത്തോട്ടങ്ങൾ സന്ദർശിച്ച ബാലരാമപുരം കൃഷി ഓഫീസർ, കർഷകർ എത്രയും പെട്ടെന്ന് അപേക്ഷകൾ കൃഷിഭവന് കൈമാറണമെന്ന് അറിയിച്ചു. തലയൽ ഏലായിൽ അയ്യായിരത്തിൽപ്പരം വാഴകൾ നശിച്ചതായാണ് പ്രാഥമിക കണക്ക്. വാഴത്തോട്ടങ്ങൾക്കിടയിൽ കൃഷി ചെയ്തിരുന്ന ചീര,​ വെണ്ട, ​മരച്ചീനി,​ പയർ എന്നിവയും നശിച്ചതായി കർഷകർ പറഞ്ഞു. ലക്ഷങ്ങൾ വായ്പയെടുത്ത് പാട്ടക്കൃഷി നടത്തുന്ന കർഷകരുടെ ജീവിതം ഇതോടെ ദുരിതത്തിലായിരിക്കുകയാണ്. ബാങ്ക് വായ്പകൾ തിരികെ അടയ്ക്കാനാകാതെ ഭൂരിഭാഗം കർഷകരും കടക്കെണിയിലാണ്.

തലയൽ ഏലായിൽ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. കൃഷി ഓഫീസർ അടിയന്തര റിപ്പോർട്ട് സർക്കാരിന് കൈമാറി കർഷകർക്ക് എത്രയും വേഗം അനുകൂല്യം ലഭ്യമാക്കണം. നഷ്ടപരിഹാരത്തിന് നേരത്തെ നൽകിയ അപേക്ഷയിൽ കർഷകർക്ക് ഇതേവരെയും തുക ലഭ്യമാക്കിയിട്ടില്ല.

പാറക്കുഴി അജി, വൈസ് പ്രസിഡന്റ്,

കർഷക മോർച്ച കോവളം നിയോജക മണ്ഡലം