തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർ‌ന്ന് രാജ്യത്താകമാനം വ്യാപാരമേഖല അതീവഗുരുതരമായ സ്ഥിതിവിശേഷത്തെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വ്യാപാര മേഖലയ്ക്കായി സഹായപാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്. കമലാലയം സുകു, സംസ്ഥാന ട്രഷറർ. കെ. എസ്. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എസ്. എസ്. മനോജ് എന്നിവർ ആവശ്യപ്പെട്ടു.

രാജ്യത്താകമാനം ഏഴുകോടിയോളം വരുന്ന റീട്ടെയിൽ വ്യാപാരികളിലൂടെ ദിവസേന 15000 കോടി രൂപയുടെ വ്യാപാരമാണ് റീട്ടെയിൽ വ്യാപാര മേഖലയിൽ നടക്കുന്നത്. ലോക്ക് ഡൗണിൽ അത് നിലച്ചതോടെ 6.30 ലക്ഷം കോടി രൂപയുടെ വ്യാപാര നഷ്ടമാണ് രാജ്യത്തിനുണ്ടായത്. രാജ്യത്തെ റീട്ടെയിൽ വ്യാപാരികളിൽ 20 ശതമാനം, അതായത് 1.5 കോടി ചെറുകിട വ്യാപാരികൾ സമീപ ഭാവിയിൽ കച്ചവടം പൂട്ടി പോകും. ഈ 1.5 കോടി വ്യാപാരികളെ ആശ്രയിച്ച് കച്ചവടം നടത്തുന്ന വ്യാപാരികൾ 75 ലക്ഷം വരും. അങ്ങനെ ആകെ 2.25 കോടി വ്യാപാരികൾക്ക് കളം വിടേണ്ടതായി വരും. കേരളത്തിൽ 3 ലക്ഷത്തോളം വ്യാപാരികൾക്ക് സമാന സ്ഥിതിയാണ് തരണം ചെയ്യേണ്ടത്. വ്യാപാര മേഖലയിലെ നിലവിലെ സ്ഥിതിവിശേഷം കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന സർക്കാരും പൊലീസും ജില്ലാ ഭരണകൂടവും ഏകോപനമില്ലാതെ ഇറക്കുന്ന ഉത്തരവുകൾ പൊതുജനങ്ങളെയും വ്യാപാരികളെയും വലയ്ക്കുന്നതാണെന്നും നേതാക്കൾ പറഞ്ഞു.

വായ്പകൾക്ക് നിലവിൽ പ്രഖ്യാപിച്ച മോറട്ടോറിയം തട്ടിപ്പാണെന്നും, 6 മാസത്തെ വായ്പാ തിരിച്ചടവ് താൽക്കാലികമായി വേണ്ടെന്ന് വയ്ക്കുകയും തുടർന്ന് എല്ലാ വായ്പാ കാലാവധിയും 6 മാസത്തേക്ക് കൂടി നീട്ടി ഇതേ തുക തിരിച്ചു പിടിക്കുന്ന രീതിയിലുള്ള മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.