വിശാഖപട്ടണം: ലോക്ക് ഡൗൺ കാലത്ത് കേരളത്തിൽ അദ്ധ്യാപകരെ റേഷൻ കടകളിലാണ് നിയോഗിച്ചതെങ്കിൽ ആന്ധ്രാ സർക്കാർ ഒരു പടികൂടി കടന്ന് അദ്ധ്യാപകർക്ക് പണി കൊടുത്തത് മദ്യ ഷോപ്പുകളിൽ. അവിടങ്ങളിലെ തിരക്ക് നിയന്ത്രിക്കാനുള്ള ചുമതല അദ്ധ്യാപകർക്കാണ്. രാവിലെ മദ്യഷോപ്പുകളിലെത്തുന്ന അദ്ധ്യാപകർ കുട്ടികളെ നിയന്ത്രിക്കുന്നതുപോലെ അങ്ങോട്ട് നില്ല്, ഇങ്ങോട്ട് നില്ല്, മാറി നിൽക്ക് എന്നൊക്കെ പറഞ്ഞ് പുതിയ ജോലിയിലാണ്. പഠിപ്പിച്ച കുട്ടികളെ ഇവിടെയും അദ്ധ്യാപകന് നിയന്ത്രിക്കേണ്ടിവരുന്നു. അദ്ധ്യാപകൻ നോക്കിനിൽക്കെ പൂർവ വിദ്യാർത്ഥികൾ മദ്യം വാങ്ങിപ്പോകുന്നു. എന്നാൽ കുടിയൻമാരായ ചില പൂർവ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകന്റെ മുന്നിൽ വച്ച് മദ്യം വാങ്ങാൻ ഒരു ചമ്മലും. ചിലർ ചമ്മൽ മാറ്റി ഇടയ്ക്കിടയ്ക്ക് സാറെ എന്നൊരു വിളിയും!
ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിച്ച് ക്യൂ നിറുത്താനും സാമൂഹ്യ അകലം ഉറപ്പാക്കാനുമാണ് പൊലീസുകാർക്കൊപ്പം അദ്ധ്യാപകർക്കും ചുമതല നൽകിയിരിക്കുന്നത്. മദ്യ ഷോപ്പുകളിൽ എത്തുന്നവർ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് തന്നെ ഏൽപ്പിച്ചിരിക്കുന്ന ജോലിയെന്ന് ഒരു അദ്ധ്യാപകൻ പറഞ്ഞു. ഈ ജോലി അദ്ധ്യാപകരിൽ കടുത്ത അമർഷത്തിനിടയാക്കുകയാണ്. ഇതിനെതിരെ അദ്ധ്യാപകർ രംഗത്ത് വന്നിട്ടുണ്ട്.
ഇതിനിടെ വിശാപട്ടണത്ത് ഒരു സംഘം സ്ത്രീകൾ പ്രതിഷേധവുമായി രംഗത്ത് വന്നു. പച്ചക്കറി ചന്ത മൂന്ന് മണിക്കൂർ മാത്രം പ്രവർത്തിക്കുമ്പോൾ മദ്യ ഷോപ്പുകൾ ഏഴ് മണിക്കൂർ തുറക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം.
മദ്യത്തിന് ആന്ധ്രാപ്രദേശ് സർക്കാർ 75 ശതമാനം വില വർദ്ധിപ്പിച്ചിരിക്കുകയാണ്. വിശാഖപട്ടണം ജില്ലയിലെ 311ൽ 272 മദ്യ ഷോപ്പുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.