പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അവസാന രോഗിയും ഇന്ന് ആശുപത്രി വിട്ടു. ഇതോടെ പത്തനംതിട്ട ജില്ല കൊവിഡ് മുക്തമായി. കഴിഞ്ഞ 42 ദിവസമായി പത്തനംതിട്ട ജനറൽ ആശുപത്രിൽ ചികിത്സയിലായിരുന്ന ആറന്മുള സ്വദേശിയാണ് ആശുപത്രി വിട്ടത്. തുടർച്ചയായ രണ്ടാം പരിശോധന ഫലവും നെഗറ്റീവായതോടെയാണ് രോഗിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്യാൻ തീരുമാനമായത്.
യു.കെയിൽ നിന്ന് തിരികെയെത്തിയ ഇയാൾക്ക് മാർച്ച് 25നാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ 22 തവണയാണ് ഇയാളുടെ സ്രവം പരിശോധിച്ചത്. 21-ാമത്തെ പരിശോധനയിൽ ആദ്യമായി കൊവിഡ് നെഗറ്റീവായി, 22-ാം പരിശോധനയിലും കൊവിഡ് നെഗറ്റീവ് റിപ്പോർട്ട് വന്നതോടെ രോഗമുക്തനായെന്ന് സ്ഥിരീകരിച്ച് ആശുപത്രിയിൽ നിന്ന് വിട്ടയക്കാൻ തീരുമാനിച്ചു. ആശുപത്രി വിടുമെങ്കിലും ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ തുടരും.