കൊച്ചി: പ്രവാസികളെ സ്വീകരിക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പൂർണ സജ്ജമാണെന്ന് സിയാൽ ഡയറക്ടർ എ.സി.കെ.നായർ അറിയിച്ചു . പകർച്ചവ്യാധി തടയുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
യാത്രക്കാർ തമ്മിലും യാത്രക്കാരും വിമാനത്താവള ജീവനക്കാരും തമ്മിലും സാമൂഹിക അകലം പാലിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഒരു ഏറോബ്രിഡ്ജ് ഇതിനായി മാറ്റിവെച്ചിട്ടുണ്ട്. ഇത് കടന്നു വന്നാലുടൻ ഹാൻഡ് സാനിറ്റയ്സ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇവിടെ കാത്തുനിൽക്കുമ്പോൾ സാമൂഹിക അകലം പാലിക്കാനാകുന്ന രീതിയിൽ മാർക്കിംഗ് നൽകിയിട്ടുണ്ട്.
തെർമൽ സ്കാനർ വഴിയാണ് യാത്രക്കാർ കടന്നുവരുന്നത് എന്നതിനാൽ ആർക്കെങ്കിലും ശരീരോഷ്മാവ് കൂടുതലുണ്ടെങ്കിൽ ഉടനെ അറിയാം. ഇവരെ പ്രത്യേകമായി ഐസൊലേറ്റ് ചെയ്യും. ആർക്കെങ്കിലും രോഗലക്ഷണമുണ്ടെന്ന് ബോധ്യപ്പെട്ടാൽ അവരെ വിമാനത്താവളത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കടക്കാൻ അനുവദിക്കാതെ ആശുപത്രിയിൽ എത്തിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വിമാനത്തിൽ നിന്നിറക്കിയ അണുവിമുക്തമാക്കിയ ശേഷമാകും ബാഗേജുകൾ കൺവെയർ ബെൽറ്റിലെത്തുക. യാത്രക്കാർക്ക് ബാഗേജ് ലഭിച്ച ശേഷം വിശ്രമിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്-അദ്ദേഹം പറഞ്ഞു. പ്രവാസികളെ കൊണ്ടുവരുന്ന ആദ്യ വിമാനം വ്യാഴാഴ്ച രാത്രിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്നത്.