auto

തിരുവനന്തപുരം: ലോക്ക് ഡൗൺ ഏറ്റവും കൂടുതൽ ബാധിച്ചവരിൽ ഒരു വിഭാഗം സംസ്ഥാനത്തെ പത്ത് ലക്ഷത്തോളം വരുന്ന ആട്ടോറിക്ഷ തൊഴിലാളികളും അവരെ ആശ്രയിക്കുന്ന അമ്പത് ലക്ഷത്തോളം കുടുംബങ്ങളുമാണ്. ആട്ടോറിക്ഷകൾ ഷെഡ്ഡിലായതോടെ പല കുടുംബങ്ങളുടെയും വരുമാനം പൂർണമായി നിലച്ചു. ആട്ടോറിക്ഷക്കാരിൽ ഏറിയ പങ്കും ബാങ്ക് ലോൺ എടുത്ത് വാഹനം വാങ്ങിയവരാണ്. വായ്പയും അടച്ച് മിച്ചം കൊണ്ട് ജീവിതം തള്ളിനീക്കുന്ന തങ്ങളുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്ന് ആട്ടോ തൊഴിലാളികൾ പറയുന്നു.

വൃദ്ധർക്കും മറ്റ് മുൻഗണനാവിഭാഗങ്ങൾക്കും അത്യാവശ്യയാത്രകൾക്കായി പാസ് വാങ്ങി സർവീസ് നടത്താൻ അനുമതിയുണ്ടായിരുന്നെങ്കിലും അതിൽ നിന്ന് വലിയ വരുമാനമൊന്നും ലഭിച്ചില്ലെന്ന് തൊഴിലാളികൾ പറയുന്നു. സർക്കാർ നൽകിയ ഭക്ഷ്യക്കിറ്റും റേഷനുമായിരുന്നു ഏക ആശ്രയം. ഇനി മൂന്ന് മാസത്തെ മോറട്ടോറിയം കഴിഞ്ഞ് വായ്പത്തുക അടയ്ക്കാൻ കൂടി തുടങ്ങുമ്പോൾ എന്ത് ചെയ്യുമെന്ന് ചോദിക്കുകയാണ് തൊഴിലാളികൾ. മഴക്കാലം കൂടിയാകുന്നതോടെ ഓട്ടം കുറയുമെന്നും അവർ പറയുന്നു.

" ഒന്നരമാസമായി ഓടിക്കാതിരുന്നതിനാൽ ആട്ടോറിക്ഷയ്ക്ക് അറ്റകുറ്റപ്പണികൾ നടത്തേണ്ടി വരും. ഇതിന് വലിയൊരു തുക ചെലവാകും. "- തിരുവനന്തപുരം കരിക്കകത്തെ ആട്ടോറിക്ഷ ഡ്രൈവറായ ബിനു രമേശ് പറയുന്നു."വീണ്ടും സർവീസ് തുടങ്ങാൻ സർക്കാർ സഹായിച്ചില്ലെങ്കിൽ ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് വഞ്ചിയൂരിലെ ആട്ടോറിക്ഷ ഡ്രൈവർ പ്രസന്നകുമാർ പറഞ്ഞു.