ന്യൂഡൽഹി: ലോക്ക്ഡൗണിൽപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടന്നവരെ തിരിച്ചെത്തിക്കാൻ മേയ് ഒന്ന് മുതൽ 83 പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. 80,000 ത്തിലേറെ കുടിയേറ്റ തൊഴിലാളികളെ ഇതിലൂടെ അവരുടെ നാട്ടിലേക്ക് തിരിച്ചെത്തിച്ചതായും റെയിൽവേ അറിയിച്ചു.
ഓരോ സർവീസിനും 80 ലക്ഷത്തോളം രൂപ ചെലവായെന്നാണ് അധികൃതർ നൽകുന്ന സൂചന. ഗുജറാത്തിൽനിന്ന് 35 ട്രെയിനുകളാണ് സർവീസ് നടത്തിയത്. കേരളത്തിൽനിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് 13 ട്രെയിനുകളും ഓടി. 13 ട്രെയിനുകളാണ് കുടിയേറ്റ തൊഴിലാളികളുമായി ബിഹാറിലെത്തിയത്. ഉത്തർപ്രദേശിലേക്ക് പത്തും ജാർഖണ്ഡിലേക്ക് നാലും ഒഡീഷയിലേക്ക് രണ്ട് ട്രെയിനുകളിലുമാണ് സർവീസ് നടത്തിയത്.
രാജസ്ഥാനിൽനിന്നും കേരളത്തിൽനിന്നുമുള്ള രണ്ട് ട്രെയിനുകൾക്ക് മാത്രമാണ് പശ്ചിമ ബംഗാൾ സർക്കാർ ഇതുവരെ അനുമതി നൽകിയത്. പ്രത്യേക ദൗത്യത്തിനായി 24 കോച്ചുകളുള്ള ട്രെയിനുകളാണ് കേന്ദ്രം അനുവദിച്ചിരുന്നത്. ഓരോ കോച്ചിലും 72 സീറ്റുകളുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കാൻ ഓരോ കോച്ചിലും 54 യാത്രക്കാരെ മാത്രമേ അനുവദിച്ചിരുന്നുള്ളു.