ലണ്ടൻ : പ്രശസ്ത ജമൈക്കൻ ഗായിക മില്ലി സ്മോൾ അന്തരിച്ചു. 73 വയസായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് ലണ്ടനിലായിരുന്നു അന്ത്യം. 1964ൽ പുറത്തിറങ്ങിയ ' മൈ ബോയ് ലോലിപ്പോപ്പ് ' എന്ന സിംഗിൾ ഹിറ്റിലൂടെ മില്ലി അമേരിക്കയിലും ഇംഗ്ലണ്ടിലും നിരവധി ആരാധകരെ സൃഷ്ടിച്ചു. ഏഴ് ദശലക്ഷത്തിലധികം കോപ്പി വിറ്റ ഈ ഗാനമാണ് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ സ്കാ ഗാനം. മില്ലിസെന്റ് ഡോളി മേയ് സ്മോൾ എന്നാണ് മില്ലി സ്മോളിന്റെ യഥാർത്ഥ പേര്. ദക്ഷിണ ജമൈക്കയിലെ ക്ലാറെൻഡോണിൽ 1946ലാണ് മില്ലിയുടെ ജനനം. 12ാം വയസിൽ തന്നെ മില്ലി ജമൈക്കൻ സംഗീത ലോകത്തെ അറിയപ്പെടുന്ന പ്രതിഭയായി ചുവട് വച്ചിരുന്നു.
1963ൽ ലണ്ടനിലെത്തിയതോടെയാണ് ജമൈക്കയുടെ തനത് സംഗീതമായ സ്കായെ മില്ലി ലോകത്തിന് പരിചയപ്പെടുത്തിയത്. 70കളുടെ അവസാനത്തോടെ സംഗീത ലോകത്ത് നിന്നും പിൻവാങ്ങിയ മില്ലി സിംഗപ്പൂരിലും ന്യൂസിലാൻഡിലുമായിരുന്നു താമസം. പിന്നീട് ലണ്ടനിലേക്ക് തിരിച്ചെത്തുകയായിരുന്നു. സംഗീത ലോകത്ത് നിന്നും മാറി നിന്ന മില്ലി എഴുത്തിലും പെയിന്റിംഗിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മില്ലിയുടെ മകൾ ജോവനും സംഗീതജ്ഞയാണ്.