ജിദ്ദ : ലോക്ക്ഡൗൺ കാലത്ത് നിയമ ലംഘനം നടത്തുന്നവർക്ക് സൗദിയിൽ ഇനി കടുത്ത ശിക്ഷ ലഭിക്കും. സോഷ്യൽ മീഡിയയിലൂടെയോ അല്ലാതെയോ സമൂഹത്തിൽ കൊവിഡിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ഒരു മില്യൺ റിയാൽ വരെ പിഴയും അഞ്ചു വർഷം വരെ തടവുമാണ് പുതിയ നിയമപ്രകാരം ശിക്ഷ.
ഇതിനുള്ള ഏറ്റവും കുറഞ്ഞ പിഴ ഒരു ലക്ഷം റിയാലാണ്. മന:പൂർവ്വം മറ്റുള്ളവരിലേക്ക് വൈറസ് പകർന്നു നൽകുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. വ്യാജ പെർമിറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞത് 10,000 ലധികം റിയാൽ വരെ പിഴയും അല്ലെങ്കിൽ ഒരു വർഷം വരെ തടവുമാണ്. ഇത്തരം പെർമിറ്റുകൾ നൽകുന്നവർക്കും ശിക്ഷകൾ ബാധകമാണ്.
കൊവിഡ് മുൻകരുതൽ നടപടികൾ പാലിക്കാത്തവർക്കും കച്ചവട സ്ഥാപനങ്ങൾക്കും കുറഞ്ഞത് 1,000 റിയാൽ മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴ നൽകേണ്ടിവരും. മെഡിക്കൽ ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് രണ്ടു ലക്ഷം റിയാൽ വരെ പിഴയും രണ്ട് വർഷം വരെ തടവും. നിയമ ലംഘനം നടത്തുന്നത് വിദേശിയാണെങ്കിൽ അയാളെ നാടുകടത്തും. പിന്നെ സൗദി അറേബ്യയിലേക്ക് വരുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.