pic

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിന്റെ ഭാഗമായി വിജിലൻസ് നടത്തിയ പരിശോധനയിൽ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ റേഷൻ മൊത്ത വിതരണ ഗോഡൗണുകളിൽ കണക്കിൽപ്പെടാതെ സൂക്ഷിച്ചിരുന്ന 2500 ക്വിന്റലിലധികം അരി പിടികൂടി. കാലപ്പഴക്കത്താൽ ഉപയോഗശൂന്യമായ 815 ക്വിന്റൽ ചാക്കരിയും 1758 ക്വിന്റൽ മട്ടയരിയുമാണ് ഗോഡൗണുകളിൽ നിന്ന് കണ്ടെത്തിയത്. ചങ്ങനാശേരിയിലെ ഗോഡൗണിൽ സ്റ്റോക്കിൽപ്പെടാതെ സൂക്ഷിച്ച 6.5 ക്വിന്റൽ കടലയും പിടികൂടി. ഏറ്റുമാനൂരിന് സമീപം കൊടത്തിപ്പാടിയിൽ നിയമവിരുദ്ധമായി അടച്ചിട്ടിരുന്ന റേഷൻ ഡിപ്പോയ്ക്കെതിരെ നടപടിക്ക് ശുപാർശചെയ്തു.

സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ 146 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു.ആലപ്പുഴജില്ലയിൽ 25,തിരുവനന്തപുരത്ത് 23,കാസർകോട് 17,പാലക്കാട് 16,മലപ്പുറത്ത് 15,തൃശൂരിൽ 11ഉം വ്യാപാര സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. നിത്യോപയോഗ സാധനങ്ങൾക്ക് കൂടുതൽ വില ഈടാക്കുന്നതായും, ചിലർ വൻതോതിൽ സാധനങ്ങൾ സംഭരിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. മിക്ക വ്യാപാര സ്ഥാപനങ്ങളിലും വില വിവര പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്നും പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും അമിത വില ഈടാക്കുന്നതായും പരിശോധനയിൽ വ്യക്തമായി. വിജിലൻസ് ഐ.ജി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വിജിലൻസ് ഇന്റലിജൻസ് എസ്.പി. ഇ.എസ്. ബിജുമോനും സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിജിലൻസ് യൂണിറ്റ് മേധാവികളും പങ്കെടുത്തു.