quarantine

തിരുവനന്തപുരം: പ്രവാസികളുടെ ക്വാറന്റൈനിൽ ഇളവുതേടി സംസ്ഥാനസർക്ക‍ാർ കേന്ദ്രത്തെ സമീപിക്കും. ഗർഭിണികളേയും പ്രായമായവരേയും രോഗികളേയും കുട്ടികളേയും സർക്കാരിന്റെ ക്വാറന്റൈൻ കേന്ദ്രത്തിലാക്കുന്നത് വെല്ലുവിളിയാണെന്നും ഇവരെ വീടുകളിൽ നിരീക്ഷണത്തിലാക്കാൻ അനുവദിക്കണമെന്നുമാണ് സർക്കാർ ആവശ്യപ്പെടുന്നത്.

എന്നാൽ, മറ്റുസംസ്ഥാനങ്ങളിലെ റെഡ് സോണുകളിൽ നിന്ന് വന്നവരെ കണ്ടെത്തി ക്വാറന്റൈൻ കേന്ദ്രത്തിലാക്കാനും സർക്കാർ ‍തീരുമാനിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കാനായി എയർ ഇന്ത്യ എക്സ്പ്രസ് പതിമൂന്ന് സർവീസ് നടത്തും എന്നാണ് റിപ്പോർട്ട്. അറുപത് പൈലറ്റുമാരടക്കം രണ്ടായിരം ജീവനക്കാരാണ് ഇതിൽ പങ്കുചേരുന്നത്.

യാത്രക്കാർക്കുള്ള ഭക്ഷണവും വെള്ളവും ഇന്ത്യയിൽ നിന്ന് കൊണ്ടുപോകും. ആദ്യഷെഡ്യൂളിനുള്ള ജീവനക്കാർ കൊവിഡ് ടെസ്റ്റ് പൂർത്തിയാക്കി.പ്രവാസികളെ മടക്കി എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന് നാളെയാണ് തുടക്കം. അബുദാബിയിൽ നിന്ന് ആദ്യ വിമാനം നാളെ രാത്രി 9.40ന് നെടുമ്പാശേരിയിലിറങ്ങും.