pic

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിധികളുടെ ഓണറേറിയം കുറവു ചെയ്യാനുള്ള സർക്കാർ തീരുമാനത്തിൽ മാറ്റം. ഓണറേറിയത്തിന്റെ 30 ശതമാനം വീതം ഒരു വർഷത്തേക്ക് കുറവു ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ഏപ്രിൽ മാസം മുതൽ നാലു ഗഡുക്കളായി ഒരുമാസത്തെ ഓണറേറിയം പിടിക്കാനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

എം.പി, എം.എൽ.എ.മാരെ അപേക്ഷിച്ച് നോക്കുമ്പോൾ താരതമ്യേന കുറച്ചുപണമാണ് ഓണറേറിയമായി തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്ക് ലഭിക്കുന്നത്. ഇതിൽ നിന്ന് വലിയ തുക പിടിക്കുന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് തീരുമാനം മന്ത്രിസഭായോഗം പുനഃപരിശോധിച്ചത്.