pic

കൊച്ചി: പ്രവാസികളെ കൊണ്ടുവരാനായി പോകുന്ന എയർ ഇന്ത്യ വിമാനത്തിലെ ​ജീവനക്കാർക്ക് മെഡിക്കൽ പരിശീലനം നൽകിയത് കളമശേരി മെഡിക്കൽ കോളേജ്. ​പൈലറ്റുമാരും ക്യാബിൻ ക്രൂവും ഉൾപ്പെടെ 12 പേർക്കാണ് പരിശീലനം നൽകിയത്. പി.പി.ഇ സ്യൂട്ടുകൾ ധരിക്കുന്നതിനും പ്രോട്ടോക്കോൾ പ്രകാരം ഊരിമാറ്റുന്നതിനും യാത്രയ്ക്കിടെ ഉണ്ടാകാനിടയുള്ള ഹെൽത്ത് എമർജൻസികൾ കൈകാര്യം ചെയ്യുന്നതിനുമാണ് ഇവരെ പരിശീലിപ്പിച്ചത്. ഇവർക്കാവശ്യമായ സൗജന്യ കിറ്റുകളും നൽകി. സംഘത്തിലെ എല്ലാവർക്കും ആർ.ടി.പി.സി.ആർ പരിശോധനയും നടത്തി.ആവശ്യമെങ്കിൽ ഇനിയും ഫ്‌ളൈറ്റ് ക്രൂവിന് പരിശീലനം നൽകുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ.പീറ്റർ വാഴയിൽ അറിയിച്ചു.