കേപ്ടൗൺ : ആഫ്രിക്കൻ രാജ്യങ്ങളിൽ മൂന്നിലൊരു വിഭാഗം ജനങ്ങളും പട്ടിണിയിലാണ്. ഇനി വീണ്ടും രണ്ടാഴ്ചക്കാലത്തേക്ക് കൂടി ലോക്ക്ഡൗൺ തുടരുകയാണെങ്കിൽ പലർക്കും ഭക്ഷണവും വെള്ളവും കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തൊഴിൽ നഷ്ടപ്പെട്ടതിനാൽ ഭൂരിഭാഗം ജനങ്ങളുടെ പക്കലും പണമില്ല. സാധാരണക്കാർക്കായി പാക്കേജുകൾ പ്രഖ്യാപിച്ചില്ലെങ്കിൽ ആഭ്യന്തര ലഹളകൾ വരെ പൊട്ടിപ്പുറപ്പെടാൻ സാദ്ധ്യതയുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ നടപ്പാക്കിയ പോലെ കർശനമായ നിയന്ത്രണങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളിൽ നടപ്പാക്കാനാകില്ലെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
കൊവിഡിനെതിരെ ശക്തമായ മുന്നൊരുക്കങ്ങൾ നടത്തിയ ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇപ്പോൾ നിയന്ത്രണങ്ങൾ അയവു വരുത്തുകയാണ്. കരസേനയുടെ സഹായത്തോടെയാണ് ദക്ഷിണാഫ്രിക്കയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കിയത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ചിട്ടും പട്ടിണിയിലും അടിസ്ഥാന സൗകര്യമില്ലാത്ത ജീവിത ചുറ്റുപാടുകളിലും താമസിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ സാമൂഹ്യഅകലം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നതിന് കനത്ത വെല്ലുവിളിയാണുയർത്തിയത്. കോംഗോ ഉൾപ്പെടയുള്ള രാജ്യങ്ങൾ എബോളയ്ക്കെതിരെ നടത്തി വരുന്ന പോരാട്ടങ്ങൾക്കിടെയാണ് കൊവിഡിന്റെ വരവ്.
എബോള വൈറസിനെ തടയാനുള്ള ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പോലും ഇപ്പോൾ ഒരു വിഭാഗം ജനത അനുസരിക്കാത്ത സാഹചര്യമാണ് കോംഗോയിൽ. ഇതിനിടെ കൊവിഡ് കൂടി വന്നതോടെ ആകെ പ്രതിസന്ധിയിലായിരിക്കുകയാണ് അധികൃതർ. വെന്റിലേറ്ററുകളുടെ അഭാവം മറ്റൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ആഫ്രിക്കയിലെ ജനസംഖ്യയുടെ പകുതിയിലേറെ ജനങ്ങളും ഓരോ ദിവസവും ജോലി ചെയ്താണ് അതത് ദിവസത്തേക്കുള്ള ആഹാരത്തിനുള്ള വക കണ്ടെത്തുന്നത്. ഇവരുടെ ദുരിതത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും ഒപ്പം തന്നെ കൊവിഡിന്റെ വ്യാപനം തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്നുമാണ് ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് ആൻഡ് പ്രിവെൻഷൻ റിസേർച്ചിന്റെ പഠനങ്ങൾ പറയുന്നത്. 50,502 പേർക്കാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1,921 പേർ ഇതേ വരെ മരിച്ചു.
ലെസോതോ ഒഴികെയുള്ള 53 ആഫ്രിക്കൻ രാജ്യങ്ങളിലും കൊവിഡ് വൈറസ് എത്തിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കയിലും ഈജിപ്റ്റിലുമാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ രോഗികളുടെ എണ്ണം 7,572 ആയി. അതേ സമയം ഈജിപ്റ്റിൽ 7,201 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൊറോക്കോ, അൽജീരിയ, നൈജീരിയ, ഘാന തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.