കുഴിത്തുറ: കൊവിഡ് നിരോധനാജ്ഞ ലംഘിച്ചെന്നാരോപിച്ച് കന്യാകുമാരി ജില്ലയിലെ രണ്ട് എം.എം.എമാരെയും കോൺഗ്രസ് പ്രവർത്തകരെയും കളിയിക്കാവിള ചെക്‌പോസ്റ്റിൽ തമിഴ്നാട് പൊലീസ് അറസ്റ്റു ചെയ്തു. കിള്ളിയൂർ എം.എൽ.എ രാജേഷ് കുമാർ, കുളച്ചൽ എം.എൽ.എ പ്രിൻസ് എന്നിവരെയും 11 കോൺഗ്രസ് പ്രവർത്തകരെയുമാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം.
കഴിഞ്ഞ ദിവസം വിവിധ സ്ഥലങ്ങളിൽ നിന്ന് കേരള സർക്കാരിന്റെ പാസുമായി വന്ന മലയാളികളെ അതിർത്തി പ്രദേശമായ കളിയിക്കാവിള ചെക്ക്പോസ്റ്റിൽ തമിഴ്നാട് പൊലീസ് തടഞ്ഞിരുന്നു. തമിഴ്‍നാട് സർക്കാരിന്റെ പാസ് ഇല്ലാതെ അതിർത്തി കടത്തി വിടില്ലെന്ന് പൊലീസ് പറഞ്ഞു. പാസ് ഇല്ലാതെ വരുന്ന മലയാളികൾക്ക് പാസ് ഓൺലൈൻ വഴി എടുത്തുകൊടുക്കാൻ അവിടെ കോൺഗ്രസിന്റെ ബാനർ സ്ഥാപിച്ച് എം.എൽ.എമാരും പ്രവർത്തകരും ഹെൽപ്പ് ഡെസ്ക് തുടങ്ങുകയായിരുന്നു. സ്ഥലത്തെത്തിയ തക്കല ഡി.എസ്.പി രാമചന്ദ്രൻ ഹെൽപ്പ് ഡെസ്ക് പറ്റില്ലെന്നറിയിച്ചു. തമിഴ്‌നാട്ടിൽ ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്നതിനാൽ ആളുകൾ പിരിഞ്ഞു പോകണമെന്നാവശ്യപ്പെട്ടു. ആരും പിരിഞ്ഞു പോകാതെ വന്നപ്പോൾ പൊലീസ് എം.എൽ.എമാരെയും പ്രവർത്തകരെയും അറസ്റ്റുചെയ്യുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ശേഷം ഉച്ചയ്ക്ക് വിട്ടയച്ചു.
|