കാട്ടാക്കട:കാട്ടാക്കട പഞ്ചായത്തിലെ കാനക്കോട് വാർഡിൽ കാഞ്ഞിരംവിള പ്രദേശത്തെ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന പൊതു കിണർ ശുചീകരിച്ചു.പ്രദേശത്തെ നിരവധി ആളുകളുടെ കുടിവെള്ള സ്രോതസായ കിണറിൽ നിന്ന് നാളുകളായി മലിനജലമാണ് ലഭിക്കുന്നത് എന്ന പരാതി പരിസരവാസിയായ വിഷ്ണു.എസ്.എസ് എന്ന യുവാവ് ഫെയിസ് ബുക്കിലൂടെ എം.എൽ.എയെ അറിയിക്കുകയായിരുന്നു.ലോക്ക് ഡൗൺ കാലത്ത് മണ്ഡലത്തിലാകെ മരുന്നും മറ്റ് അവശ്യ സാധനങ്ങളും ലഭ്യമാക്കുന്നതിനായി എം.എൽ.എ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം യുവാക്കളുടെ കൂട്ടായ്മയായ ടീം 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' പ്രവർത്തകരെ ഐ.ബി.സതീഷ് എം.എൽ.എ ഈ വിവരം അറിയിച്ചു. തുടർന്ന് ഇന്നലെ ഇവരുടെ നേതൃത്ത്വത്തിൽ ഒപ്പം വോളന്റീയർമാരും, വാർഡ് മെമ്പർ എം.ആർ.സുനിലും,സി.പി.എം ബ്രാഞ്ച് സെക്രട്ടറി ലാലുവും,നാട്ടിലെ യുവാക്കളും ചേർന്നാണ് കിണർ ശുചീകരണം നടത്തിയത്.