വിതുര: ലോക്ക് ഡൗൺ കാലത്തും തന്റെ കൃഷിയിടങ്ങളിൽ സജീവമാണ് ചായം സ്വദേശി കെ. കേശവൻനായർ എന്ന ജൈവകർഷകൻ. എഴുപത്തിയേഴ് വയസായെങ്കിലും പ്രായമോ വേനലോ മഴയോ ഒന്നും ഈ കർഷകനെ തളർത്തുന്നില്ല. ചായം പുത്തൻവീട്ടിൽ കേശവൻനായർ കൃഷിക്കിറങ്ങുന്നത് പതിന്നാലാം വയസിലാണ്. പാരമ്പര്യമായി ചെയ്തു പോന്ന നെൽക്കൃഷിയായിരുന്നു തുടക്കം. പിന്നീട് ഇടവിളകളായി മറ്റു കൃഷികളും. നെല്ലിന്റെ പ്രതാപകാലം കഴിഞ്ഞതോടെ പച്ചക്കറിക്കൃഷി മാത്രമായി. വിഷമില്ലാത്ത പയറിനും പച്ചക്കറികൾക്കുമായി ദൂരെ സ്ഥലങ്ങളിൽ നിന്നും ഇദ്ദേഹത്തെ തേടി ആവശ്യക്കാരെത്തുന്നുണ്ട്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തതുമായ അഞ്ചേക്കറോളം സ്ഥലത്താണ് കൃഷി. വിത്തുകളിൽ അധികവും സ്വന്തമായാണ് ഉത്പാദിപ്പിക്കുന്നത്. അപൂർവം ചിലത് വെള്ളായണി കാർഷിക കോളേജിൽ നിന്നും, പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ നിന്നും വാങ്ങും. കൃഷിയുടെ ആദ്യഘട്ടം വീടിനു മുന്നിലെ വിശാലമായ കൃഷിയിടത്തിൽ നിലമൊരുക്കി മേൽത്തരം വിത്തുകൾ പാകുകയാണ്. കൃഷിയിടത്തിലെ നീരുറവ കണ്ടെത്തി കുളം കുഴിച്ച് വിള നന്നായി നനയ്ക്കും. വേനലിൽ പച്ചക്കൂടാരങ്ങൾ കെട്ടി വിള കാക്കും. ഇടയ്ക്കിടെ വളമായി ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും കലർന്ന മിശ്രിതം വിതറും. രോഗങ്ങൾ പടർത്തുന്ന കീടങ്ങളെ നശിപ്പിക്കാൻ ജൈവകീടനാശിനികൾ മാത്രം പ്രയോഗിക്കുന്നു. ഇതാണ് കേശവൻനായരുടെ ജീവിതചര്യ. കത്തിരി,ചീര, വെണ്ട, പടവലം പയർ തുടങ്ങി എല്ലാത്തരം പച്ചക്കറികളും ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്. ഭാര്യ സുകുമാരിയമ്മയും മക്കളായ സന്ധ്യാറാണിയും സന്തോഷും ചെറുമക്കളും കൃഷിക്ക് ഒപ്പം കൂടുന്നതാണ് തന്റെ വിജയമെന്ന് അദ്ദേഹം പറയുന്നു.
നാട്ടുകാർക്കായി കാർഷികകേന്ദ്രവും
പച്ചക്കറികൾക്കൊപ്പം വിത്തുകളും, ജൈവവളവും, ജൈവകീടനാശിനികളും കർഷകർക്ക് ലഭ്യമാക്കാൻ ചായം ജംഗ്ഷനിൽ ഒരു കാർഷികകേന്ദ്രം തുറന്നിട്ടുണ്ട്. മികച്ച ഉത്പന്നങ്ങളായതിനാൽ എല്ലാവരും ഇവിടെ നിന്നാണ് വാങ്ങുന്നത്. പ്രദേശത്തെ വിദ്യാലയങ്ങളിലും വീടുകളിലും നടക്കുന്ന ജൈവകൃഷിക്ക് മേൽനോട്ടം വഹിക്കാനും കേശവൻനായർ സജീവമാണ്. ഗ്രാമപഞ്ചായത്തും വിതുര കൃഷി ഭവനും ഈ കർഷകന് കാര്യമായ പിന്തുണ നൽകുന്നുണ്ട്. ലോക്ക് ഡൗൺ കാലത്തും ഉത്പന്നങ്ങൾ വില കൂട്ടി വിൽക്കാൻ കേശവൻനായർ തയ്യാറല്ല.
കൃഷി നടത്തുന്നത് - 5 ഏക്കറോളം സ്ഥലത്ത് കൃഷി തുടങ്ങിയത് -14 -ാം വയസിൽ മികച്ച കർഷകനുള്ള പുരസ്‌കാരം നേടിയത് നിരവധി തവണ ചായം ലോക്കൽ എന്ന അത്യുത്പാദനശേഷിയുള്ള പയർ വിത്ത് വികസിപ്പിച്ചെടുത്തിട്ടുണ്ട്. മത്സ്യകൃഷിയും നടത്തുന്നുണ്ട് പ്രകൃതിക്കിണങ്ങാത്ത ഒരു കൃഷിരീതിയോടും യോജിപ്പില്ല. മണ്ണിനെ സ്നേഹിച്ചാൽ പൊന്നു വിളയിക്കാം. മികച്ച വിത്തുകൾ കണ്ടെത്തി വിതയ്ക്കുന്നതാണ് കൃഷിയിൽ പ്രധാനം. ശരിയായി നനച്ച് വളമിടുകയും വേണം. നന്നായി അദ്ധ്വാനിച്ചാൽ നല്ല വിളവ് നേടാം. - കേശവൻനായർ