തിരുവനന്തപുരം: ജില്ലയിലെ സർക്കാർ സ്‌കൂളുകൾ മുഖം മിനുക്കി പുതിയ അദ്ധ്യയനവർഷത്തിൽ കുട്ടികളെ വരവേൽക്കും. ക്ലാസ് മുറികളും പരിസരവും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും പെയിന്റിംഗും അറ്റകുറ്റപ്പണികളുമടക്കമുള്ള ജോലികളും ഇൗ മാസം പൂർത്തീകരിക്കും. ജില്ലാപഞ്ചായത്തിന്റെ 2020​-21 പദ്ധതിയിലുൾപ്പെടുത്തി 5 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. സ്‌കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ ജില്ലാപഞ്ചായത്ത് നിർദ്ദേശിച്ചിരിക്കുന്ന കളർ കോഡിൽ ആയിരിക്കും പെയിന്റിംഗ് ജോലികൾ പൂർത്തിയാക്കുക. ആവശ്യമായ ഫർണിച്ചറുകളും ലഭ്യമാക്കും. 500ൽ താഴെ കുട്ടികൾ പഠിക്കുന്ന സ്‌കൂളിന് 5 ലക്ഷവും 1000ൽ താഴെ കുട്ടികളുള്ള സ്‌കൂളിന് 6 ലക്ഷവും 1000ൽ കൂടുതൽ കുട്ടികളുള്ള സ്‌കൂളിന് 7 ലക്ഷവും അനുവദിക്കും.