തിരുവനന്തപുരം: കേരളത്തിന് വീണ്ടും ആശ്വാസത്തിന്റെ ദിനം. ഇന്നലെ സംസ്ഥാനത്ത് ആർക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. ഏഴു പേർക്ക് രോഗം ഭേദമാകുകയും ചെയ്തു. കോട്ടയത്ത് ആറും ​പത്തനംതിട്ടയിൽ ഒരാളുമാണ് രോഗമുക്തരായത്. കോട്ടയത്ത് രോഗം ഭേദമായവരിൽ ഒരാൾ ഇടുക്കി സ്വദേശിയാണ്. ഇതുവരെ 502 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 30 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 18 പേർ കണ്ണൂരിലാണ്. 14,​670 പേരാണ് നിരീക്ഷണത്തിലുള്ളത്. 14,​402 പേർ വീടുകളിലും 268 പേർ ആശുപത്രികളിലുമാണ്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നത് ആശ്വാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 കൊവിഡ് മുക്ത ജില്ലകൾ
കോഴിക്കോട്,​ മലപ്പുറം,​ തൃശൂർ,​ എറണാകുളം,​ കോട്ടയം,​ പത്തനംതിട്ട,​ ആലപ്പുഴ,​ തിരുവനന്തപുരം

 ഹോട്ട് സ്‌പോട്ടുകൾ - 84

രോഗമുക്തി നേടിയവർ: 469

ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്: 58